അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്‌ട്രേറ്റ് ക്യാൻസർ സ്ഥിരീകരിച്ചു, അതിവേഗം പടരുന്ന തരം രോഗമെന്ന് സൂചന

Monday 19 May 2025 7:26 AM IST

വാഷിംഗ്‌‌ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് ക്യാൻസർ രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. പ്രോസ്‌ട്രേറ്റ് ക്യാൻസറാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. രോഗം അദ്ദേഹത്തിന്റെ എല്ലുകളിലേക്ക് പടർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.

'കഴിഞ്ഞയാഴ്‌ച മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് നടത്തിയ ആരോഗ്യ പരിശോധനയിൽ ജോ ബൈ‌ഡന് പിത്താശയത്തിൽ മുഴയുണ്ടെന്ന് കണ്ടെത്തി. വെള്ളിയാഴ്‌ചയോടെയാണ് അദ്ദേഹത്തിന് പ്രോസ്‌ട്രേറ്റിൽ അർബുദം സ്ഥിരീകരിച്ചത്. ഗ്ളീസൺ സ്‌കോർ ഒൻപത് (ഗ്രേഡ് ഗ്രൂപ്പ് അഞ്ച്)​ ആണ്. എല്ലുകളിലേക്കും രോഗം വ്യാപിച്ചു.' അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ക്യാൻസർ വളരെ ആക്രമണോത്സുകമായ രീതിയിൽ ശരീരത്തിൽ പടരുന്നെങ്കിലും രോഗകോശങ്ങൾ ഹോർമോൺ സെൻസിറ്റീവ് ആയതിനാൽ മികച്ച രീതിയിൽ പ്രതിരോധിക്കാൻ സാധിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിവരം പങ്കുവയ്‌ക്കുന്നു.

82കാരനായ ബൈഡൻ കുടുംബത്തോട് ആലോചിച്ച ശേഷം ഏത് ചികിത്സ വേണമെന്ന് ഉടൻ തെര‌ഞ്ഞെടുക്കും എന്നാണ് വിവരം. മൂത്രാശയത്തിൽ ചെറിയൊരു മുഴ ജോ ബൈ‌ഡന് കണ്ടെത്തി എന്ന വിവരം അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കിയത് ദിവസങ്ങൾ മുൻപാണ്. ഡെലവെയറിലെ വിമിംഗ്‌ടണിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് ബൈഡൻ ഇപ്പോഴുള്ളത്.

അമേരിക്കയുടെ 46-ാമത് പ്രസിഡന്റായ ബൈഡൻ നാല്‌വർഷം നീണ്ട ഭരണശേഷം കഴിഞ്ഞ ഡിസംബറോടെയാണ് അധികാരം ഒഴിഞ്ഞത്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2021ൽ അദ്ദേഹം പ്രസി‌ഡന്റായത്. അധികാരത്തിൽ നിന്നും മാറിയശേഷം പൊതുവേദികളിൽ ബൈഡൻ സജീവമായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് ഗുരുതര രോഗം സ്ഥിരീകരിച്ചത്.