ബാത്ത്‌റൂമിന്റെ വാതിൽ എപ്പോഴും അടച്ചിടണോ തുറന്നിടണോ? വാസ്‌തുദോഷം വിട്ടൊഴിയാൻ ഇങ്ങനെ ചെയ്യാം

Monday 19 May 2025 12:05 PM IST

നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നാണ് വാസ്തുശാസ്‌ത്രം. വീട് വയ്ക്കുമ്പോഴും വാങ്ങുമ്പോഴുമെല്ലാം ഇന്ന് മിക്കവരും വാസ്‌തുവിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ വലിയ കാര്യങ്ങൾക്ക് ശ്രദ്ധനൽകുമ്പോൾ വീടിനുള്ളിലെ ചെറിയ കാര്യങ്ങൾ പലരും വിട്ടുപോകാറുണ്ട്. അത്തരത്തിൽ വീട്ടിലെ ബാത്ത്‌റൂമിന്റെ വാതിലുമായി ബന്ധപ്പെട്ട് വാസ്‌തുശാസ്ത്രത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാം.

വീട് പണിയുമ്പോൾ വാസ്‌തു നോക്കുന്നതുപോലെ തന്നെ ബാത്ത്‌റൂം പണിയുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്‌തുശാസ്ത്ര പ്രകാരം വീട് നിർമിക്കുമ്പോൾ വടക്ക്-കിഴക്ക് ദിശയിൽ ബാത്ത്‌റൂം പണിയാൻ പാടില്ല. പോസിറ്റീവ് ഊർജം നൽകുന്ന ദിശയാണ് വടക്ക് -കിഴക്ക് ദിശ. അതിനാൽ തന്നെ ഇവിടെ ബാത്ത്‌റൂം പണിയുന്നത് വാസ്‌തുപ്രകാരം അനുചിതമാണ്. ബാത്ത്‌റൂമിന്റെ വാതിൽ എപ്പോഴും അടച്ചുതന്നെ സൂക്ഷിക്കണം. വൃത്തിയാക്കാനുള്ള ഉപകരണങ്ങൾ ബാത്ത്‌റൂമിനുള്ളിൽ വയ്ക്കാനും പാടില്ല.

ബാത്ത്‌റൂമിന് കടും നിറത്തിലെ നിറം നൽകരുത്. ഇത് നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് കാരണമാവുന്നു. ഇളം നിറത്തിലെ പെയിന്റടിക്കുന്നത് ഉന്മേഷവും പോസിറ്റീവ് എനർജിയും പ്രദാനം ചെയ്യുന്നു. പൂജാമുറിക്കും അടുക്കളയ്ക്കും മുകളിലായി ബാത്ത്‌റൂം പണിയാൻ പാടില്ല. ബാത്ത്‌റൂമിലെ കണ്ണാടി വാതിലിന് നേരെ ആകാതിരിക്കാനും ശ്രദ്ധിക്കാം.

വീട്ടിൽ അടിക്കടിയുണ്ടാവുന്ന പല പ്രതിന്ധികൾക്കും കാരണം വാസ്തുദോഷമായിരിക്കാം. വിട്ടൊഴിയാത്ത രോഗങ്ങൾ, കടബാദ്ധ്യത, മരണം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണം വീട്ടിലെ വാസ്‌തുദോഷമാകാം. അതിനാൽ തന്നെ വാസ്‌തുവിദ്യയ്ക്ക് ഊന്നൽ നൽകേണ്ടത് പ്രധാനമാണ്.