ബംഗളൂരു വെള്ളത്തിനടിയിൽ: ശമനമില്ലാതെ പെരുമഴ

Monday 19 May 2025 12:33 PM IST

ബംഗളൂരു: ഇന്നും ഇന്നലെയുമായി അതിശക്തമായ മഴയാണ് ബംഗളൂരുവിൽ പെയ്യുന്നത്. കഴിഞ്ഞ ആറു മണിക്കൂറായി നഗരത്തിൽ മഴ കനക്കുകയാണ്. ഈ വർഷത്തെ ഏറ്റവും ശക്തമായ മഴയാണ് ബംഗളൂരുവിൽ പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജനങ്ങൾക്കും സർക്കാരിനും മുന്നറിയിപ്പു നൽകി. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കെങ്കേരിയിലാണ്. 132 മില്ലിമീറ്റർ മഴയാണ് ഈ മേഖലയിൽ ലഭിച്ചത്. ബെംഗളൂരുവിന്റെ വടക്കൻ ഭാഗത്തുള്ള വഡേരഹള്ളിയിൽ 131.5 മില്ലിമീറ്റർ മഴ ലഭിച്ചു. പല പ്രദേശങ്ങളിലും രാത്രിയിൽ 100 ​​മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബെംഗളൂരു നഗരത്തിൽ പെയ്ത ശരാശരി മഴയുടെ അളവ് 105.5 മില്ലിമീറ്റർ ആയിരുന്നുവെന്ന് പ്രാദേശിക കാലാവസ്ഥാ കേന്ദ്രം കണക്കാക്കുന്നു. നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്, പ്രത്യേകിച്ചും താഴ്ന്ന പ്രദേശങ്ങൾ. സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി തുടങ്ങിയ പ്രധാന ജംഗഷനുകളും വെള്ളത്തിനടിയിലായി. വടക്കൻ ബംഗളൂരുവിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായതിനാൽ ബെംഗളൂരു സിറ്റി പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദമാണ് കനത്ത മഴയ്ക്ക് കാരണമായത്.