സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷപരാമ‌ർശം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്

Monday 19 May 2025 3:31 PM IST

ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രി വിജയ് ഷാ അധിക്ഷേപ പരാമർശം നടത്തിയതിൽ സുപ്രീം കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മദ്ധ്യപ്രദേശ് ഡിജിപിക്ക് സുപ്രീം കോടതി നിർദേശം നൽകി. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് സംഘത്തെ നയിക്കുന്നത്. മേയ് 28ന് മുൻപായി പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു.

വിദ്വേഷപരാമർശത്തിൽ എഫ്‌ഐആർ രജിസ്റ്റ‌ർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ വിജയ് ഷാ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിദ്വേഷ പരാമർശത്തിൽ ബിജെപി മന്ത്രിയെ സൂപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ലെന്നും പൊതുപ്രവർത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ മന്ത്രി വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ മന്ത്രിയുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.

ഭീകരരുടെ സഹോദരിയെന്നാണ് സോഫിയ ഖുറേഷിയെ പൊതുപരിപാടിയിൽ വിജയ് ഷാ അഭിസംബോധന ചെയ്തത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയ ഭീകരരെ പാഠം പഠിപ്പിക്കാനായി അവരുടെ സഹോദരിയെ തന്നെ അയച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. ഈ പരാമർശം വിവാദമായതോടെ മന്ത്രി വിജയ് ഷാ മാപ്പ് പറയുകയും ചെയ്‌തിരുന്നു. പിന്നാലെ വിജയ് ഷായ്‌ക്കെതിരെ കേസെടുക്കാൻ മദ്ധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിർദേശിച്ചത്.