'ചെയ്യാത്ത കുറ്റം എങ്ങനെ ഏല്‍ക്കും, എല്ലാത്തിനേയും പുറത്ത് കൊണ്ടുവരും'; ക്ഷുഭിതനായി ബെയ്‌ലിന്‍ ദാസ്

Monday 19 May 2025 7:18 PM IST
ഫോട്ടോ : നിശാന്ത് ആലുകാട്‌\ കേരളകൗമുദി

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ക്ഷുഭിതനായി അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ്. ജാമ്യം കിട്ടി പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് അഭിഭാഷകന്‍ ക്ഷുഭിതനായത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല, ശ്യാമിലിയെ മര്‍ദ്ദിച്ചിട്ടില്ല. ചെയ്യാത്ത കുറ്റം എന്തിനാണ് ഏറ്റെടുക്കുന്നത് എന്നാണ് ബെയ്‌ലിന്‍ ചോദിക്കുന്നത്. നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടുതലൊന്നും പറയാനാകില്ലെന്നും ബെയ്‌ലിന്‍ പറഞ്ഞു.

കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി പ്രതി ബെയ്ലിന് ജാമ്യം അനുവദിച്ചത്. രണ്ടുമാസം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കയറരുത്, പരാതിക്കാരിയായ അഭിഭാഷകയെ കാണരുത് തുടങ്ങിയ നിബന്ധനകള്‍ കോടതി ജാമ്യം അനുവദിച്ചുകൊണ്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. തന്റെ ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ ബെയ്‌ലിന്‍ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

'ചെയ്യാത്ത കുറ്റം ഞാന്‍ എന്തിനാണ് ഏല്‍ക്കുന്നത്? ഒന്നും പറയാന്‍ എനിക്ക് അനുവാദമില്ല. കേസ് കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. എല്ലാം കണ്ടുകൊണ്ട് മുകളില്‍ ഒരാള്‍ ഇരിപ്പുണ്ട്. അദ്ദേഹത്തിന് എല്ലാം അറിയാം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും പുറത്തുകൊണ്ടുവരും. ആരേയും വെറുതെവിടില്ല. തനിക്ക് ബാര്‍ അസോസിയേഷന്റെ സഹായം ലഭിക്കുന്നുണ്ട് എന്നതടക്കമുള്ള ശ്യാമിലിയുടെ എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു.' - ബെയ്ലിന്‍ പറഞ്ഞു.