നയതന്ത്രത്തിൽ ഭിന്നത പാടില്ല

Tuesday 20 May 2025 4:16 AM IST

രാജ്യസുരക്ഷയുടെ കാര്യത്തിൽ രാജ്യം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. ഇന്ത്യയിലെ പൊതുസമൂഹം ജാതി- മത ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി നിലകൊണ്ടിട്ടുള്ളതും ഭൂതകാലങ്ങളിൽ ഇത്തരം സന്ദർഭങ്ങളിലാണ്. ശത്രുരാജ്യവുമായുള്ള യുദ്ധം വിജയിക്കുമ്പോൾ ഏതൊരു നേതാവാണോ കേന്ദ്രം ഭരിക്കുന്നത്, ആ നേതാവ് ഉൾപ്പെടുന്ന പാർട്ടിയെയും മുന്നണിയെയും വൻ ഭൂരിപക്ഷം നൽകി വീണ്ടും അധികാരത്തിലേറ്റാൻ ഇന്ത്യയിലെ പൊതുസമൂഹം സർവഥാ സന്നദ്ധമായിട്ടുണ്ട്. ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് മനസിലാക്കി പ്രവർത്തിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ കക്ഷി പ്രസക്തമായി മാറുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും, തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട എം.പിമാരുടെ സംഘങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാനുള്ള തീരുമാനം ഒരു കാരണവശാലും ഇന്ത്യയിൽ ഒരു വിവാദമായി മാറേണ്ടതല്ല.

എന്നാൽ, പ്രതിനിധി സംഘങ്ങളിൽ ഒന്നായ വിദേശകാര്യ കമ്മിറ്റിയുടെ ചെയർമാനായി തിരുവനന്തപുരത്തു നിന്നുള്ള കോൺഗ്രസ് എം.പി ശശി തരൂരിനെ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് കോൺഗ്രസ് പാർട്ടിയുടെ ചില നിലപാടുകൾ കാരണം വിവാദമായി മാറാൻ ഇടയായി. ഇത് ഒഴിവാക്കേണ്ടതായിരുന്നു. ഒന്നാമത് ഇന്ത്യൻ രാഷ്ട്രീയം പറയാനല്ല, രാജ്യത്തിന്റെ നിലപാടും ഉദ്ദേശ്യലക്ഷ്യങ്ങളും വ്യക്തമാക്കാനാണ് ഇത്തരം സംഘങ്ങളെ വിദേശത്തേക്ക് നിയോഗിക്കുന്നത്. ഐക്യരാഷ്ട്ര സഭയിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന വ്യക്തിയും മുൻ വിദേശകാര്യ സഹമന്ത്രിയും അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനുമായ ശശി തരൂർ ഈ നിയോഗത്തിന് ഏറ്റവും പ്രാപ്‌തനായ വ്യക്തി തന്നെയാണ്. കോൺഗ്രസ് അതൊരു അംഗീകാരമായി എടുക്കേണ്ടതിനു പകരം, തങ്ങൾ കേന്ദ്രത്തിനു നൽകിയ ലിസ്റ്റിൽ ശശി തരൂരിന്റെ പേരില്ലായിരുന്നു എന്ന സാങ്കേതിക കാര്യം പറഞ്ഞ് തടസം സൃഷ്ടിക്കരുതായിരുന്നു.

വിദേശ രാജ്യങ്ങളെല്ലാം ഇന്ത്യയോട് ഒരുപോലെ സ്നേഹവും കൂറും പുലർത്തുന്നവരാണെന്ന് കണക്കാക്കാനാവില്ല. പാകിസ്ഥാൻ പ്രചരിപ്പിക്കുന്ന അസത്യങ്ങൾ വിശ്വസിക്കുന്ന വിദേശ രാജ്യങ്ങളും ഇല്ലാതില്ല. അതിനാൽ അവരുടെ ചോദ്യങ്ങൾക്ക് എല്ലാവരും അംഗീകരിക്കുന്ന തരത്തിലുള്ള വ്യക്തവും സുദൃഢവുമായ മറുപടി നൽകാൻ കഴിവുള്ളവർ വേണം ഇത്തരം സംഘങ്ങളെ നയിക്കേണ്ടത്. ലിസ്റ്റിൽ നിന്നുള്ളവരെത്തന്നെ നിയോഗിക്കാൻ ഇതൊരു സ്ഥിരം നിയമനവുമല്ല. ഇന്ത്യയുടെ നയതന്ത്രത്തിൽ ഒരു തരത്തിലുള്ള ഭിന്നതയും പാടില്ല. അങ്ങനെയുണ്ടെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരു വിവാദം പോലും ഉണ്ടാവുക ദൗർഭാഗ്യകരമാണ്. തരൂരിനെ കൂടാതെ മനീഷ് തിവാരി, ഡോ. അമർ സിംഗ് തുടങ്ങി മറ്റു ചിലരെയും പ്രതിനിധി സംഘങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ പാർട്ടിയുടെ അനുമതി കൂടാതെ ഇതിൽ അംഗമാകുമോ എന്നത് വ്യക്തമല്ല.

ഇത്തരം സന്ദർഭങ്ങളിൽ കാണിക്കേണ്ട ഉത്തരവാദിത്വബോധവും വിവേകവും കോൺഗ്രസ് കാണിച്ചില്ല എന്നത് അവരുടെ പൂർവകാല പാരമ്പര്യത്തിന് നിരക്കാത്തതാണ്. എതിർകക്ഷിയുടെ നേതാവായിരുന്നിട്ടും 1994-ൽ യു.എൻ. മനുഷ്യാവകാശ കമ്മിഷനിൽ പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ പൊളിക്കാനും സമാധാനത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വിശദീകരിക്കാനും അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹറാവു നയതന്ത്ര ചാണക്യനായ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. നയതന്ത്രത്തിൽ രാഷ്ട്രീയം കലർത്തി അശുദ്ധമാക്കുന്നത് ശരിയല്ലെന്ന് വൈകിയെങ്കിലും മനസിലാക്കി വിദേശ പ്രതിനിധി സംഘത്തിന്റെ ഭാഗമാകാൻ കോൺഗ്രസ് തരൂരിന് അനുമതി നൽകിയത് നല്ല കാര്യമാണ്.