എല്ലാവർക്കും അഭയം കൊടുക്കാൻ ഇന്ത്യ സത്രമല്ല,​ 143 കോടി ജനങ്ങളുള്ള രാജ്യം: ശ്രീലങ്കൻ തമിഴന്റെ ഹർജി തള്ളി സുപ്രീംകോടതി

Monday 19 May 2025 7:38 PM IST

ന്യൂഡൽഹി : ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അഭയം നൽകാൻ ഇന്ത്യ സത്രമല്ലെന്ന് സുപ്രീംകോടതി.

എൽ.ടി.ടി,​ഇ ബന്ധത്തിന്റെ പേരിൽ യു.എ.പി.എ പ്രകാരം തടവ് ശിക്ഷ അനുഭവിച്ച ശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ശ്രീലങ്കൻ പൗരന്റെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. ജസ്റ്രിസ് ദീപാങ്കർ ദത്ത,​ ജസ്റ്രിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

യു.എ.പി.എ കേസിൽ ശിക്ഷിക്കപ്പെട്ട് ഏഴു വർഷത്തെ തടവ് കഴിഞ്ഞാൽ ഉടൻ ഇന്ത്യ വിടണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വിസയെടുത്ത് ഇന്ത്യയിലെത്തിയ ഇയാൾ ഒരു ശ്രീലങ്കൻ പൗരനാണെന്നും സ്വന്തം നാട്ടിൽ ഇയാൾക്ക് ജീവന് ഭീഷണിയുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ലോകമെമ്പാടുമുള്ള അഭയാർത്ഥികളെ സത്കരിക്കാൻ കഴിയുന്ന ഒരു സത്രമല്ല ഇന്ത്യ. 140 കോടി ജനങ്ങളുള്ള രാജ്യമാണിതെന്നും കോടതി പറഞ്ഞു. സ്വന്തം രാജ്യത്ത് ഭീഷണിയുണ്ടെങ്കിൽ മറ്റേതെങ്കിലും രാജ്യത്തേക്ക് പോകൂ എന്നും ബെഞ്ച് മറുപടി നൽകി.

നാടുകടത്തൽ നടപടികളില്ലാതെ ഹർജിക്കാരൻ മൂന്നുവർഷത്തോളമായി തടങ്കലിലാണെന്ന് അഭിഭാഷകൻ പറഞ്ഞു. ഹർജിക്കാരൻ അഭയാർത്ഥിയാണെന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും നിലവിൽ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിതക്കാട്ടി. എന്നാൽ ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള മൗലീകവകാശം ഇന്ത്യൻ പൗരൻമാർക്ക് മാത്രമാണ് ബാധകമെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.