ആലംപാറയിൽ ഡെങ്കിപ്പനി പടരുന്നു ജലസ്രോതസുകളിൽ മാലിന്യം നിറയുന്നു
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ആലംപാറയിൽ ഡെങ്കിപ്പനി പടരുന്നു. ആശാവർക്കർ ഉൾപ്പെടെ പതിനാലോളം പേരാണ് നിലവിൽ സ്വകാര്യ ആശുപത്രിയിലുൾപ്പെടെ ചികിത്സയിലുള്ളത്.മലിനജലവും കൊതുകുമാണ് പ്രദേശങ്ങളിലെ പ്രധാന വില്ലൻ.നിരവധി പേർ പനി ലക്ഷണങ്ങളുമായി ചികിത്സയിലാണ്. മഴക്കാലത്തിന്റെ വരവോടെ രോഗബാധിതരുടെ എണ്ണം ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
ദുർഗന്ധപൂരിതം നന്ദിയോട്
നന്ദിയോട് ഓട്ടോ സ്റ്റാൻഡും കൈത്തോടുകളും മാലിന്യത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധനകളും നടപടികളും നടക്കുന്നുമില്ല. മാർക്കറ്റിലെയും ഹോട്ടലുകളിലെയും മാലിന്യം തള്ളുന്നത് തൊട്ടടുത്ത കൈത്തോടുകളിലാണ്. ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഓടയിലാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത്. കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും കൃഷിഭവനുമെല്ലാം സ്ഥിതിചെയ്യുന്ന ഇവിടെ മാലിന്യം കെട്ടിക്കിടന്ന് ഈച്ചയും കൊതുകും പുഴുവും പെരുകി പരിസരമാകെ ദുർഗന്ധം വമിക്കുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം മൂലം വഴി നടക്കാനും സാധിക്കുന്നില്ല. സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ കൈത്തോടുകളിൽ നിക്ഷേപിക്കുന്നുവെന്ന പരാതിയുണ്ട്. രാത്രിയുടെ മറവിൽ ഹോട്ടൽ മാലിന്യം തള്ളുന്നതും വാമനപുരം നദിയിലെ വിവിധ ഭാഗങ്ങളിലാണ്. കള്ളിപ്പാറ, തോട്ടുമുക്ക് പ്രദേശങ്ങളിലെ ജനങ്ങളും കൈത്തോടുകളെ ആശ്രയിക്കുന്നുണ്ട്. അടിയന്തര നടപടിയെടുത്തില്ലെങ്കിൽ പകർച്ചവ്യാധികൾക്ക് വഴിവയ്ക്കും.
കൈത്തോടുകളിൽ മാലിന്യം
പൊതുജനങ്ങൾ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന കൈത്തോടുകളിൽ മാലിന്യം നിറയുന്നു. വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ്-പാലോട്, ആലംപാറ-ഇരപ്പ് കൈത്തോടുകൾക്കാണീ ദുർഗതി. വീടുകളിൽ നിന്ന് മാലിന്യവും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളും ഉപേക്ഷിക്കുന്നതിനുള്ള ഇടമായി തോടുകൾ മാറിയിട്ടുണ്ട്.
കുടിവെള്ള സംഭരണികളിലേക്ക്
എത്തുന്നത് മലിനജലം
നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. വീടുകളിലേയും ചില ഹോട്ടലുകളിലേയും കക്കൂസ് മാലിന്യം ഉൾപ്പെടെ ജലാശയത്തിൽ എത്തുന്നുണ്ട്. വിളവീട്,ആലംപാറ, തോട്ടുമുക്ക്,ഊളൻകുന്ന്,മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറുതോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ,കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ് മലിനജലം എത്തുന്നത്.