ഇനി അഭ്യൂഹങ്ങൾ വേണ്ട, വിശാലുമായുള്ള വിവാഹവാർത്തകൾ സത്യമെന്ന് നടി, ഓഗസ്റ്റ് 29ന് വിവാഹമെന്ന് പ്രഖ്യാപനം, വീഡിയോ
കഴിഞ്ഞ ദിവസങ്ങളിൽ നടൻ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിരുന്നു. നടി സായ് ധൻഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം. എന്നാൽ വിവാഹത്തെ കുറിച്ച്പരന്ന വാർത്തകൾ അഭ്യൂഹമല്ലെന്നും യഥാർത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധൻഷികയും. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തൽ . വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധൻഷിക ഓഡിയോ ലോഞ്ച് വേദിയിൽ പറഞ്ഞു.
Actor #Vishal is officially set to marry Sai Dhanshika on August 29, 2025 ❤️✨ pic.twitter.com/rZjAbPigWY
— Trendsetter Bala (@trendsetterbala) May 19, 2025
നടികർ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷൻ) ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താൻ വിവാഹം കഴിക്കൂവെന്നായിരുന്നു നടൻ മുമ്പ് പറഞ്ഞത്. നടികർ സംഘത്തിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഒരു അഭിമുഖത്തിൽ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. 'അതെ, ഞാൻ ആളെ കണ്ടെത്തി. വിവാഹത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പ്രഖ്യാപിക്കും.'- എന്നാണ് നടൻ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി സായ് ധൻഷികയും വിശാലും വിവാഹിതരാകാൻ പോകുന്നുവെന്ന രീതിയിൽ കിംവദന്തികൾ ഉയർന്നത്.
മാസങ്ങൾക്ക് മുമ്പാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മുമ്പ് വരലക്ഷ്മി ശരത്കുമാറടക്കം നിരവധി നടിമാരുടെ പേര് വിശാലിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു.