ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് സ്വകാര്യ ബസ് സർവീസ് തുടങ്ങി
ആലപ്പുഴ : റെയിൽവേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു, രണ്ട് മാസത്തിലധികം നീണ്ടു നിന്ന യാത്രക്കാരുടെ ദുരിതത്തിനാണ് ഇതോടെ പരിഹാരമായത്.
ഇന്നലെ രാവിലെ 11ന് പരീക്ഷണ ഓട്ടം നടത്തിയ ശേഷം പുതിയ കവാടം പിന്നിട്ട് ബസുകൾ ഉള്ളിലേക്ക് പ്രവേശിച്ചു. റെയിൽവേ സ്റ്റേഷൻ നവീകരണം പൂർണ്ണമാകുന്നതുവരെ പരിമിതമായ സ്ഥലത്ത് റെയിൽവേയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് സർവീസ് തുടരുക.. നിർദ്ദേശങ്ങൾ ലംഘിക്കുന്ന ബസുകൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും റെയിൽവേയുടെ മുന്നറിയിപ്പുണ്ട്.
ബസുകൾ റെയിൽവേ സ്റ്റേഷന് മുൻവശം തെക്കുഭാഗത്തായി അനുവദിച്ചിട്ടുള്ള സ്റ്റോപ്പിൽ മാത്രമേ നിർത്തി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമേ അനുവാദമുള്ളൂ. അടുത്ത സർവീസ് തുടങ്ങാൻ സമയമുള്ള ബസുകൾ സ്റ്റേഷന് തെക്കുവശം ആർ.എം.എസ്. റോഡിൽ പോയി പാർക്ക് ചെയ്ത് സമയമാകുമ്പോൾ മാത്രം സ്റ്റോപ്പിലെത്തണം. രാവിലെ നടന്ന പരീക്ഷണ ഓട്ടത്തിലും തുടർന്നുള്ള സർവീസ് പുനരാരംഭിക്കലിലും സ്റ്റേഷൻ മാനേജർ എസ്. ശ്യാംകുമാർ, ആർ.പി.എഫ്. സർക്കിൾ ഇൻസ്പെക്ടർ എ.കെ.പ്രിൻസ്, കെ.ബി.ടി.എ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യൻ, എസ്.എം.നാസർ, സുനീർ ഫിർദോസ്, ഷാജിലാൽ, റിനു സഞ്ചാരി, ബിജു ദേവിക, സനൽ എന്നിവർ പങ്കെടുത്തു.