ഹൈടെക് കോപ്പിയടി: 17 ഉദ്യോഗാർത്ഥികൾ പിടിയിൽ

Tuesday 20 May 2025 1:22 AM IST

ഡെറാഡൂൺ: സി.ബി.എസ്.ഇ നടത്തിയ നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് പരീക്ഷയിൽ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർത്ഥികളെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് പരീക്ഷ കേന്ദ്രങ്ങളായ സോഷ്യൽ ബലൂണി പബ്ലിക് സ്കൂൾ, ഡൂൺ ഇന്റർനാഷണൽ സ്കൂൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ഷൂസിലും ബാ​ഗിലും മറ്റുമായി ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയെന്ന് ഡെറാഡൂണിലെ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു. ഇത്തരത്തിൽ 17 ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോട്‌വാലി പട്ടേൽ നഗർ, ദലൻവാല പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ മൂന്ന് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. അതേസമയം,ഉദ്യോ​ഗാ‌ർത്ഥികൾക്ക് ബ്ലൂടുത്ത് ഡിവൈസുകൾ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ചും, ഇതിന് പിന്നിൽ പ്രവ‌ർത്തിച്ചവരെക്കുറിച്ചും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഉദ്യോ​ഗാ‍‌ർത്ഥികളെ ലോക്കൽ പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി) ചേർന്ന് ചോദ്യം ചെയ്തുവരികയാണ്. 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഒഫ് അൺഫെയർ മീൻസ്) ആക്ടിലെ സെക്ഷൻ 3, 4, 10, 11, ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്)യുടെ സെക്ഷൻ 318(4), 61(2) എന്നിവയും ചേർത്താണ് ഉദ്യോ​ഗാർത്ഥികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.