കേണൽ സോഫിയ ഖുറേഷി പരാമർശം: മന്ത്രിക്ക് മാപ്പില്ല ; കേസ് മുറുക്കി സുപ്രീംകോടതി
പ്രത്യേക സംഘം അന്വേഷിക്കണം കോടതി സൂക്ഷ്മമായി നിരീക്ഷിക്കും പരാമർശങ്ങൾ നീചം, ലജ്ജാകരം അറസ്റ്റ് താത്കാലികമായി തടഞ്ഞു
ന്യൂഡൽഹി : കേണൽ സോഫിയ ഖുറേഷി ഭീകരരുടെ സഹോദരിയാണെന്ന തരത്തിൽ മദ്ധ്യപ്രദേശ് ആദിവാസി ക്ഷേമ മന്ത്രി വിജയ് ഷാ നടത്തിയ പരാമർശങ്ങൾ വൃത്തികെട്ടതും നീചവും ലജ്ജാകരവുമെന്ന് സുപ്രീംകോടതി.
സായുധ സേനയെ സംബന്ധിച്ച് നിർണായക വിഷയമായതിനാൽ മന്ത്രിക്കെതിരായ
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) വിട്ടു. അതേസമയം, അറസ്റ്റ് തടഞ്ഞു.
മന്ത്രി അന്വേഷണവുമായി സഹകരിക്കണം. സുപ്രീംകോടതി നേരിട്ട് മേൽനോട്ടം വഹിക്കില്ലെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കും. പ്രത്യേക അന്വേഷണസംഘം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. മേയ് 28ന് വീണ്ടും പരിഗണിക്കും.
പരസ്യമായി മാപ്പു പറഞ്ഞെങ്കിലും അതിൽ ആത്മാർത്ഥതയില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ചിലർക്ക് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനാണ് മാപ്പുപറച്ചിൽ. ചിലർ മുതലകണ്ണീരൊഴുക്കും. ഇതിലേതാണ് മന്ത്രിയുടെ മാപ്പു പറച്ചിലെന്ന് കോടതി ചോദിച്ചു.
ആത്മാർത്ഥതയില്ലാത്ത മാപ്പ് സ്വീകാര്യമല്ല. നിയമപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോടതിക്ക് അറിയാം. ഉത്തരവാദിത്തം ഏറ്റെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് വിമർശിച്ചു.
സ്വമേധയാ കേസെടുക്കാൻ ഉത്തരവിട്ട മദ്ധ്യപ്രദേശ് ഹൈക്കോടതി നടപടിയും അന്വേഷണ മേൽനോട്ടം വഹിക്കാനുള്ള തീരുമാനവും ചോദ്യം ചെയ്ത് വിജയ് ഷാ സമർപ്പിച്ച രണ്ടു ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചും മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു.
ഐ.ജിയുടെ നേതൃത്വത്തിൽ
എസ്.ഐ.ടി രൂപീകരിക്കണം
മുതിർന്ന മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനാണ് സുപ്രീംകോടതി മദ്ധ്യപ്രദേശ് ഡി.ജി.പിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഉദ്യോഗസ്ഥർ മദ്ധ്യപ്രദേശ് സ്വദേശികളായിരിക്കരുത്. മൂന്നു പേരിൽ ഒരാൾ വനിതാ ഉദ്യോഗസ്ഥയായിരിക്കണം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാകണം സംഘത്തലവൻ. മറ്റു രണ്ടുപേർ എസ്.പി റാങ്കോ അതിനു മുകളിലോട്ടുള്ളവരോ ആകണം.
ഹൈക്കോടതിക്ക്
അഭിനന്ദനം
മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ച് സ്വമേധയാ കേസെടുത്ത് മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടുകയായിരുന്നു. പക്ഷേ, മന്ത്രിക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ ഒരുക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി മേയ് 15ന് കണ്ടെത്തി. തുടർന്ന്
നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാൻ നേരിട്ട് മേൽനോട്ടം വഹിക്കുമെന്ന് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, അനുരാധ ശുക്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി അവരുടെ ജോലി കൃത്യമായി ചെയ്തുവെന്ന് സുപ്രീംകോടതി അഭിനന്ദിച്ചു.