ഒ.എൽ.എക്ലിൽ ജോലി തേടി പരസ്യം നൽകിയ യുവതിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ

Tuesday 20 May 2025 1:31 AM IST

കൊച്ചി: ഒ.എൽ.എക്സിൽ ജോലിക്കായി പരസ്യം നൽകിയ യുവതിയെ ടെലികോളറായി ജോലി വാഗ്ദാനം നൽകി ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പീഡനത്തിനുശേഷം ഇയാൾ റോഡരികിൽ ഇറക്കിവിട്ട യുവതി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടതോടെയാണ് പീഡനം പുറത്തായത്.

കാക്കനാട് ഡി.എൽ.എഫിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം തവനൂർ മുതുവല്ലൂർ മുണ്ടിലാക്കൽ അക്കരക്കുന്നത്ത് വീട്ടിൽ ഫാരിസ് റഹ്മാനെയാണ് (28) ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തത്. കാക്കനാട്ടെ ഹോസ്റ്റലിൽ താമസിക്കുന്ന അന്യജില്ലക്കാരിയായ 29കാരിയെ പരസ്യത്തിനൊപ്പം നൽകിയ ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് തന്റെ റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പ്രതി പറഞ്ഞത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ കാറുമായെത്തിയ ഫാരിസ് യുവതിക്ക് താമസസ്ഥലം സൗകര്യപ്പെടുത്താമെന്ന് പറഞ്ഞ് ഇയാൾ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കാറിൽക്കയറ്റി കാക്കനാട് ഭാഗത്ത് റോഡിൽ ഇറക്കിവിട്ടെന്നാണ് ഇരയുടെ മൊഴി. അവശയായ യുവതി ആശുപത്രിയിൽ പ്രഥമശുശ്രൂഷ തേടിയശേഷം കൂട്ടുകാരിക്കൊപ്പമെത്തി അന്നു വൈകിട്ട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

സ്ഥലംവിടാൻ ശ്രമിച്ച പ്രതിയെ ടവർ ലൊക്കേഷൻ പിന്തുട‌ർ‌ന്ന് അ‌ർദ്ധരാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. വനിതാമജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. താൻ ഓൺലൈൻ മുഖേന റിയൽഎസ്റ്റ്റ്റേറ്റ് ഇടപാടുകൾ നടത്തുകയാണെന്ന പ്രതിയുടെ മൊഴി പൊലീസ് പരിശോധിക്കുന്നു. ഇയാളെ തൃക്കാക്കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ സജീവ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.