ഡോ.അഞ്ജുവിന് അഭിനന്ദന പ്രവാഹം: സർക്കാരിന്റെ ആദരം

Tuesday 20 May 2025 1:02 AM IST
എം.ഡി.എസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.അഞ്ജുവിന് മന്ത്രി വി.എൻ വാസവൻ സംസ്ഥാന സർക്കാരിന്റെ ആദരം നൽകുന്നു.

ഏറ്റുമാനൂർ: നീറ്റ് എം.ഡി.എസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.അഞ്ജുവിന് അഭിനന്ദനപ്രവാഹം. മന്ത്രി വി.എൻ വാസവൻ അഞ്ജുവിന്റെ വീട്ടിലെത്തി സംസ്ഥാന സർക്കാരിന്റെ ആദരം സമർപ്പിച്ചു. ആത്മാർഥമായ പരിശ്രമം കൊണ്ട് എന്തും നേടിയെടുക്കാമെന്ന് അഞ്ജു തെളിയിച്ചിരിക്കുകയാണെന്നും മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പട്ടിത്താനം അന്തനാട്ട് പരേതനായ മാത്യു വി.ജോസഫിന്റെയും റിട്ട. അധ്യാപിക ജോജി സി.ജോണിന്റെയും മകളായ അഞ്ജു 2023ലാണ് കോട്ടയം ഗവ.ഡെന്റൽ കോളേജിൽ നിന്ന് ബി.ഡി.എസ് ബിരുദം നേടിയത്.

തുടർന്ന് ഡെന്റൽ ക്ലിനിക്കിൽ ജോലി ചെയ്ത ശേഷം നീറ്റ് എം.ഡി.എസ് പരീക്ഷയ്ക്ക് തയാറെടുത്തു. ഒരു വർഷം നീണ്ട പരിശ്രമത്തിലൂടെയാണ് മിന്നും വിജയം കൈവരിച്ചത്. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എൻ വേണുഗോപാൽ, ഏരിയ സെക്രട്ടറി ബാബു ജോർജ്, അതിരമ്പുഴ ലോക്കൽ സെക്രട്ടറി രതീഷ് രത്‌നാകരൻ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിലെ ഇടവക ദിനത്തോടനുബന്ധിച്ച് അഞ്ജുവിനെ പള്ളി കമ്മിറ്റിയും അനുമോദിച്ചു.