അഞ്ചു മണിക്കൂ‍ർ,​ ഇരുപതോളം ചക്കകൾ,​ മോഹൻലാലിന് അപൂർവ പിറന്നാൾ സമ്മാനം

Tuesday 20 May 2025 2:52 AM IST

കൊടുങ്ങല്ലൂർ : വിവിധ ഇനങ്ങളിലും നിറങ്ങളിലുള്ള ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടൽ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർത്തപ്പോൾ മോഹൻലാലിന്റെ മുഖഭാവവും റെഡി. പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും ആ ഭാവത്തിന് നിറം ചാർത്തി.

അറുപത്തഞ്ചാം വയസ് തികയുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹലാലിന്റെ ചിത്രം ചെയ്തിരിക്കുന്നതോ അറുപത്തഞ്ച് ഇനം പ്ലാവുകളുള്ള തോട്ടത്തിന് നടുവിലും. തൃശൂർ വേലൂരിലെ കുറുമാൽകുന്ന് വർഗീസ് തരകന്റെ ആയുർ ജാക്ക് ഫാമിലാണ് ഡാവിഞ്ചി സുരേഷിന്റെ 97-ാം മീഡിയമായ ചക്കച്ചിത്രം ജനിക്കുന്നത്. എട്ടടി വലുപ്പത്തിൽ രണ്ടടി ഉയരത്തിൽ രണ്ട് തട്ടുണ്ടാക്കി തുണി വിരിച്ചു.

അതിൽ മോഹൻലാലിന്റെ മുഖം സ്‌കെച്ച് ചെയ്ത് ചക്കച്ചുളകളും മറ്റും നിറച്ചു. ആയുർജാക്ക് ഫാമിലെ തൊഴിലാളികളും ക്യാമറാമെൻ സിംബാദും സുഹൃത്തുക്കളായ റിയാസ് മാടവനയും സെയ്ത് ഷാഫിയുമാണ് ഡാവിഞ്ചി സുരേഷിന് സഹായികളായി ഉണ്ടായിരുന്നത്.

അഞ്ച് മണിക്കൂറാണ് ഇതിനായി ചെലവഴിച്ചത്. ഇരുപതു ചക്കയോളം ഉപയോഗിച്ചു. അപൂർവമായി കിട്ടുന്ന ചുവന്ന ചക്കയാണ് ഈ ചിത്രം ചെയ്യാനുള്ള പ്രചോദനമായത്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിൽ ഒടുവിലാണ് ആയുർ ജാക്ക് ഫാമിലെ വർഗീസ് തരകന്റെ സഹായത്തോടെ ചിത്രം പൂർണമാക്കാൻ പറ്റിയതെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി ചിത്രം കാണാനെത്തിയിരുന്നു.