രണ്ട് ഐസിസ് സ്ലീപ്പർ സെൽ ഭീകരർ അറസ്റ്റിൽ
ഹൈദരാബാദ്: ഭീകര സംഘടനയായ ഐസിസുമായി ബന്ധമുള്ള രണ്ട് പേർ ഹൈദരാബാദിൽ പിടിയിൽ. സിറാജുർ റഹ്മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ പരിശോധനയിൽ ആന്ധ്രയിലെ വിഴിയിൽ നിന്നാണ് സിറാജുർ റഹ്മാൻ പിടിയിലായത്. പിന്നാലെ ഹൈദരാബാദിൽ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ ഹൈദരാബാദിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. സ്ഫോടക വസ്തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൊടി എന്നിവയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് പ്രതികൾക്കും സൗദി അറേബ്യയിലെ ഐസിസ് ഘടകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
പാക് ചാരന്മാർ
പിടിയിൽ
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഉത്തർപ്രദേശ് റാപൂർ സ്വദേശി ഷഹ്സാദ് പിടിയിൽ. പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, ഉത്തർപ്രദേശ് എസ്.ടി.എഫാണ് മൊറാദാബാദിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബിസിനസുകാരനായ ഇയാൾ പകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസിന് വേണ്ടി അതിർത്തി കടന്നുള്ള കള്ളക്കടത്തിനും ചാരവൃത്തിയിലും ഏർപ്പെട്ടെന്നാണ് റിപ്പോർട്ട്.
അതിനിടെ, പാകിസ്ഥാന് വേണ്ടി ചാര പ്രവർത്തി നടത്തിയ ഒരാളെ കൂടി ഹരിയാനയിൽ നിന്ന് പൊലീസ് പിടികൂടി. നൂഹ് സ്വദേശി മുഹമ്മദ് താരിഫാണ് പിടിയിലായത്. സൈനിക പ്രവർത്തനങ്ങളെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥന് ഇയാൾ സിം കാർഡ് നൽകിയതായും പൊലീസ് പറഞ്ഞു. ഇതോടെ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ 11 പേർ പിടിയിലായി.