ഗാസയിൽ ഭക്ഷണ വിതരണത്തിന് ഇസ്രയേൽ അനുമതി
ടെൽ അവീവ്: ഗാസയിലേക്ക് അടിസ്ഥാന അളവിൽ ഭക്ഷ്യ വസ്തുക്കളും മറ്റും കടത്തിവിടുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ. ആക്രമണം രൂക്ഷമായ ഗാസയിൽ പട്ടിണി പിടിമുറുക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ബേബി ഫുഡ്,ധാന്യ മാവ്,മരുന്ന് എന്നിവയടങ്ങുന്ന ട്രക്കുകൾ അടിയന്തരമായി ഗാസയിലേക്ക് കടത്തിവിടാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു.
ഗാസയുടെ എല്ലാ ഭാഗത്തിന്റെയും നിയന്ത്രണം ഇസ്രയേൽ സൈന്യത്തിനായിരിക്കുമെന്നും ഗാസയിലെത്തുന്ന സഹായങ്ങൾ ഹമാസ് കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
സഹായ വിതരണം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേൽ തങ്ങളെ സമീപിച്ചെന്ന് യു.എൻ പ്രതികരിച്ചു. ഗാസയുടെ എല്ലാ ഭാഗവും തങ്ങളുടെ അധീനതയിലാക്കാൻ 'ഓപ്പറേഷൻ ഗിഡിയൻസ് ചാരിയറ്റ്സ് " എന്ന പേരിൽ ഇസ്രയേൽ സൈനിക ദൗത്യം വിപുലമാക്കിയിരുന്നു.
കഴിഞ്ഞ 11 ആഴ്ചയായി ഭക്ഷണവും മരുന്നും മറ്റുമായി എത്തുന്ന സഹായ ട്രക്കുകളെ ഇസ്രയേൽ ഗാസയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ബന്ദികളുടെ മോചനത്തിൽ ഹമാസുമായി ധാരണയിലെത്താത്ത പശ്ചാത്തലത്തിലാണ് ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രയേൽ തടഞ്ഞത്. സഹായ വിതരണത്തെ ഹമാസ് ദുരുപയോഗിക്കുന്നെന്നും ആരോപിച്ചു.
എന്നാൽ വളരെ പരിമിതമായ ഭക്ഷ്യ ശേഖരം മാത്രമുണ്ടായിരുന്ന ഗാസയിലെ മാനുഷിക സാഹചര്യം ഇതോടെ വഷളായി. അഭയാർത്ഥി ക്യാമ്പുകളിൽ രോഗങ്ങളും പട്ടിണിയും പടർന്നുപിടിച്ചു. ഗാസയിൽ നിരവധി ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങൾ ഒഴിയണം
തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളോട് മറ്റിടങ്ങളിലേക്ക് ഒഴിയാൻ ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകി. ഇവിടെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കാനാണ് നടപടിയെന്ന് ഇസ്രയേൽ പറയുന്നു. ഇന്നലെ മാത്രം 60ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു. ആകെ മരണം 53,470 കടന്നു.