മനംകവരാൻ മൺസൂൺ ടൂറിസം

Wednesday 21 May 2025 12:22 AM IST

കോട്ടയം : മൺസൂൺ ടൂറിസത്തിൽ പ്രതീക്ഷയർപ്പിച്ച് കുമരകത്തെ റിസോർട്ടുകളും, ഹൗസ് ബോട്ട് മേഖലയും. ജൂൺ മുതൽ സെപ്തംബർ വരെയാണ് മൺസൂൺ പാക്കേജ്. ഇതിന് മുന്നോടിയായി ബുക്കിംഗും ആരംഭിച്ചു. ഇത്തവണ മദ്ധ്യവേനലവധിയോടനുബന്ധിച്ച് കേരളത്തിനകത്തും പുറത്തും നിന്ന് കായൽ സൗന്ദര്യം നുകരാൻ കുടുംബസമേതമാണ് സഞ്ചാരികൾ എത്തിയത്. മൺസൂൺ ടൂറിസം ആസ്വദിക്കാനും ആയുർവേദ ചികിത്സയ്ക്കും മറ്റുമായി വിദേശികളാണ് കുമരകത്ത് കൂടുതലായി വരുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി കുമരകത്തെ ഗ്രാമീണ ജീവിതം ആസ്വദിക്കാൻ ഉത്തരേന്ത്യയിൽ നിന്നുള്ളവരും എത്തുന്നുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിൽ മഴ ആസ്വദിക്കാനെത്തുന്നവരുമുണ്ട്. അതേസമയം മൺസൂൺ ടൂറിസവുമായി ബന്ധപ്പെട്ട് പരിമിതികളും നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രധാനം കാലാവസ്ഥയാണ്. വൈകുന്നേരങ്ങളിലെ കാറ്റും മഴയും ഹൗസ് ബോട്ടിന്റെ പ്രവർത്തനത്തെ ബാധിക്കും.

ആകർഷകമായ പാക്കേജ്

മസാജിനും സുഖചികിത്സയ്ക്കുമായി ഡോക്ടർമാരുള്ള ആയുർവേദകേന്ദ്രം

കായൽ സൗന്ദര്യം നുകരുന്നതിന് പ്രത്യേക നിരക്കിൽ ഹൗസ് ബോട്ട്

ഗ്രാമത്തെ അറിയാൻ ഉത്തരവാദിത്വ ടൂറിസം ടീമിന്റെ സേവനങ്ങൾ

ദേശാടനപക്ഷികൾ അടക്കമുള്ള പക്ഷി സങ്കേതം കണ്ടാസ്വദിക്കാം

തങ്ങുന്നവർക്ക് നാടൻ കലാരൂപങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം

പ്രതിസന്ധിയായി പോള

കായലിലെ പോള ശല്യമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബോട്ടുകൾ കടന്നുപോകുമ്പോൾ പ്രൊപ്പല്ലറിൽ പോള കുരുങ്ങി തകരാർ സംഭവിക്കാനിടയാക്കും. മഴ ശക്തമായാൽ പോള നീങ്ങുമെന്നാണ് പ്രതീക്ഷ.