കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തു: വീണ് വീട്ടമ്മയ്ക്ക് പരിക്ക്
Wednesday 21 May 2025 12:43 AM IST
കോട്ടയം : കയറുന്നതിനിടെ മുന്നോട്ടെടുത്ത സ്വകാര്യബസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് കാലിന് പരിക്ക്. സംഭവത്തെ തുടർന്ന് ബസ് റോഡിൽ ഉപേക്ഷിച്ച ശേഷം ഡ്രൈവർ ഓടി രക്ഷപെട്ടു. കുമാരനല്ലൂർ ഉന്തുക്കാട്ട് ശോഭന (62) നാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം - ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ബസ്. യാത്രക്കാരും നാട്ടുകാരും ബഹളം വച്ചതോടെ ബസ് നിറുത്തി. ഉടൻ ശോഭനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസെത്തിയാണ് ബസ് റോഡിൽ നിന്ന് മാറ്റിയത്.