നാല് ദിവസം കൊണ്ട് ഇന്ത്യയോട് തോറ്റിട്ടും അസീം മുനീറിന് ഫീൽഡ് മാർഷലായി പ്രമോഷൻ കൊടുത്ത് പാകിസ്ഥാൻ

Tuesday 20 May 2025 8:28 PM IST

ഇസ്‌ലാമാബാദ്: പാക് സൈനികമേധാവി അസിം മുനീറിനെ ഫീൽഡ് മാർഷലായി പ്രമോഷൻ നൽകി ഉയർത്തി പാകിസ്ഥാൻ സർക്കാർ. മേയ് ഏഴ് മുതൽ 10 വരെ ഓപ്പറേഷൻ സിന്ദൂർ വഴി കനത്ത തിരിച്ചടി നേരിട്ട് ലോകരാജ്യങ്ങൾക്ക് മുന്നിൽ പാകിസ്ഥാന്റെ വില നഷ്‌ടമായപ്പോൾ സൈനിക മേധാവിയായ അസീം മുനീറിനെ പൊതുരംഗത്ത് കാണാനില്ലായിരുന്നു. ഏപ്രിൽ 22ന് പഹൽഗാം ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്ന് അസീം മുനീറാണ്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷം നിന്ന് 10-ാം ദിവസമാണ് അസീം മുനീറിന് പ്രമോഷൻ ലഭിക്കുന്നത്. പാകിസ്ഥാൻ മന്ത്രിസഭ നിയമനത്തിന് അംഗീകാരം നൽകിയെന്നാണ് റിപ്പോർട്ടുകൾ.പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി ഐഎസ്‌ഐയുടെ തലവനും അസീം മുനീറാണ്.

സൈന്യത്തിലെ ഉന്നത പദവിയാണ് അസീം മുനീറിന് കൈവന്നിരിക്കുന്നത്. ഖമർ ജാവേദ് ബജ്വയ്‌ക്ക് പിന്നാലെ 2022ലാണ് മുനീർ സൈനിക മേധാവിയായത്. പാകിസ്ഥാന്റെ സൈനിക ചരിത്രത്തിലെ രണ്ടാം ഫീൽഡ് മാർഷലാണ് അസീം മുനീർ. സ്വയം ഫീൽഡ് മാർഷലായി പ്രഖ്യാപിച്ച അയൂബ്ഖാൻ ആണ് ആദ്യത്തെയാൾ. അതേസമയം ഇന്ത്യയ്‌ക്ക് ഇന്നുവരെ രണ്ട് ഫീൽഡ് മാർഷൽമാരാണ് ഉണ്ടായിട്ടുള്ളത്. സാം മനേക് ഷാ, കെ.എം കരിയപ്പ എന്നിവരാണവർ.

കേരളത്തിൽ നിന്നും ഒരാളും നേപ്പാൾ പൗരനുമടക്കം 26പേരാണ് പാക് ഭീകരർ നടത്തിയ പഹൽഗാം ആക്രമണത്തിൽ മരിച്ചത്. ഈയടുത്തകാലത്ത് സാധാരണക്കാർക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇതിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളും സൈനികതാവളങ്ങളും തകർ‌ത്തു.