കല്യാൺ റോഡിൽ ദേശീയപാത ഇടിഞ്ഞു
കാഞ്ഞങ്ങാട് : തിങ്കളാഴ്ച പെയ്ത മഴയിൽ കല്യാൺ റോഡിൽ സർവ്വീസ് റോഡ് ഇടിഞ്ഞത് ദേശീയപാതയിലെ ഗതാഗതം താറുമാറാക്കി.കല്യാൺ റോഡിൽ ക്രൈസ്റ്റ് സ്‌കൂളിന് സമീപം സർവീസ് റോഡാണ് വീതിയും ആഴത്തിലും ഇടിഞ്ഞത്.
കിഴക്ക് ഭാഗത്തെ സർവീസ് റോഡാണ് തകർന്നത്. കല്ലും മണ്ണും ടാറിംഗ് ഉൾപ്പെടെ ഒരു ഭാഗം ഒലിച്ചു പോയി. ഇതേ തുടർന്ന് കിഴക്ക് ഭാഗം സർവീസ് റോഡിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി. പടിഞ്ഞാറ് ഭാഗം സർവീസ് റോഡിലൂടെ ഇരു ഭാഗത്തേയും വാഹനങ്ങൾ കടന്നതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.
ദേശീയപാതയിൽ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് സമീപം ബസ് ചെളിയിൽ പുതഞ്ഞു.കണ്ണൂരിൽ നിന്നും മംഗലാപുരത്തേയ്ക്കു പോകുന്ന മെഹബൂബ് ബസാണ് അപകടത്തിൽ പെട്ടത്. ഓവുചാലിന് കുഴിയെടുത്ത വീതി കുറഞ്ഞ ഭാഗത്താണ് ഇന്നലെ രാവിലെ 8.30 ഓടെ അപകടമുണ്ടായത്.
കാസർകോട് ഭാഗത്തേയ്ക്ക് രാവിലെ മുതൽ ഗതാഗതതടസം നേരിട്ടു. കാസർകോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ രാവണീശ്വരം തണ്ണോട്ട് വഴിയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇതിനിടെ മാവുങ്കാൽ മൂലക്കണ്ടത്തും വൻ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെയാണ് മിക്കയിടത്തും റോഡുകൾ നിർമ്മിച്ചിട്ടുള്ളത്.
ദുരന്തസാദ്ധ്യത ഒഴിവാക്കാൻ ജില്ലാഭരണകൂടം
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാലവർഷത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരന്ത സാദ്ധ്യത ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെർക്കള എന്നിവിടങ്ങളിൽ പാർശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കരാർ കമ്പനികൾക്കും രേഖാമൂലം നിർദ്ദേശം രേഖാമൂലം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ ദുരന്ത സാധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.