ദേശീയപാതയിൽ ദുരന്തം ഒഴിവാക്കാൻ  അടിയന്തിര സാഹചര്യ പദ്ധതി ഇന്ന് വൈകിട്ട് മൂന്നിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം

Tuesday 20 May 2025 10:21 PM IST

കാസർകോട്: ദേശീയപാതയിൽ കാലവർഷത്തിനിടെ ദുരന്തം ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. മട്ടലായികുന്ന് ,വീരമലക്കുന്ന്, ചെർക്കള എന്നിവിടങ്ങളിൽ പാർശ്വഭിത്തി സംരക്ഷണം ഉറപ്പുവരുത്തി കുന്നിടിച്ചിൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിക്കും നിർമ്മാണ കരാർ കമ്പനികൾക്കും ഇതിനകം നിർദ്ദേശം രേഖാമൂലം നൽകിയിട്ടുണ്ട്. ഈ മേഖലയിൽ ദുരന്ത സാദ്ധ്യത പഠനം നടത്തുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടു.

മട്ടലായി കുന്നിലും വീരമല കുന്നിലും നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർമ്മാണ കരാർ കമ്പനിയായ മേഘയിൽ നിന്നും ജില്ലാ ഭരണ സംവിധാനത്തിന് ലഭിച്ച വിശദ റിപ്പോർട്ട് തുടർ നടപടികൾക്കും പരിശോധനയ്ക്കുമായി ദേശീയപാത അതോറിറ്റിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഇതിനു പുറമേ ജില്ലാ കളക്ടർ നിയോഗിച്ച ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി.തുടർന്ന് കാലവർഷവുമായി ബന്ധപ്പെട്ട് ഹൈവേയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളുടെ അടിയന്തര സാഹചര്യ പദ്ധതി തയ്യാറാക്കും.

അടിയന്തര ദുരന്ത സാഹചര്യം നേരിടുന്നതിനുള്ള രേഖ ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ അവതരിപ്പിക്കും. എം.എൽ.എമാർ, ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ , തഹസിൽദാർമാർ, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ,നിർമ്മാണ കരാർ കമ്പനികളുടെ പ്രതിനിധികൾ, പരിശോധന നടത്തിയ വിദഗ്ധസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും .യോഗത്തിൽ അവതരിപ്പിക്കുന്ന അടിയന്തിര സാഹചര്യപദ്ധതി ജനപ്രതിനിധികളുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് അന്തിമമാക്കുക. കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുമ്പ് രേഖ അനുസരിച്ച് പദ്ധതി നടപ്പാക്കും.

അടിയന്തിര സാഹചര്യ പദ്ധതിയിൽ

 അടിയന്തര നിർമ്മാണം നടത്തേണ്ട മേഖലകൾ

കാലവർഷത്തിൽ വെള്ളക്കെട്ട് ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങൾ

ദുരന്ത സാഹചര്യങ്ങൾ തടയാനുള്ള നടപടികൾ

 ഗതാഗതം തിരിച്ചുവിടേണ്ടി വന്നാൽ സ്വീകരിക്കേണ്ട നടപടികൾ

അപകട ഭീഷണിയിലുള്ള കുടുംബങ്ങളെ മാറ്റി താമസിപ്പിക്കൽ

സൂചന ബോർഡുകൾ

ദുരിതബാധിത ക്യാമ്പുകൾ