ഓൺലൈൻ വ്യാപാര തട്ടിപ്പ്: രണ്ടുപേർ കൂടി അറസ്റ്റിൽ

Wednesday 21 May 2025 2:30 AM IST

ആലപ്പുഴ: ഓൺലൈൻ ഓഹരിവ്യാപാരത്തിന്റെ പേരിൽ കായംകുളം പത്തിയൂർ സ്വദേശിയായ ഐ.ടി ഉദ്യോഗസ്ഥനിൽ നിന്ന് 15.11 ലക്ഷം രൂപ തട്ടിയ സംഘത്തിലെ രണ്ടുപേർകൂടി അറസ്റ്റിൽ. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ.ആർ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്ണുജിത്ത് (28) എന്നിവരെയാണ് ആലപ്പുഴ സൈബർക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനിൽ നിന്ന് പണം എ.ടി.എം മുഖേന പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പുനടത്തിയത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ സലാം, അബ്ദുൾ ജലീൽ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സ്വകാര്യസ്ഥാപന ഗ്രൂപ്പിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സ് ആപ്പ് വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എം.എസ് സന്തോഷിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.എസ്. ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ എസ്.ആർ. ഗിരീഷ്, കെ. റികാസ്, കെ.യു. ആരതി എന്നിവരടങ്ങുന്ന അന്വേഷണസംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.