സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: രക്ഷിതാക്കൾക്ക് ക്ഷണം കുട്ടികൾക്ക് ഉപഹാരം

Wednesday 21 May 2025 3:39 AM IST

ആലപ്പുഴ: കലവൂർ ഗവ.എച്ച്.എസ്.എസിൽ ജൂൺ 2ന് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റുമെന്ന് മന്ത്രി സജി ചെറിയാൻ. പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവേശനോത്സവ ഒരുക്കങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുതുതായി പ്രവേശനം നേടുന്ന പ്രൈമറി വിദ്യാർഥികൾക്ക് ഉപഹാരം നൽകാനും സ്കൂൾ ആർട്ട് ഗ്രൂപ്പും സമഗ്രശിക്ഷ കേരളയുടെ അധ്യാപകരും ചേർന്ന് ക്ലാസ് മുറികൾ അലങ്കരിക്കാനും തീരുമാനിച്ചു. ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് വീടുകളിലെത്തി രക്ഷിതാക്കളെ പ്രവേശനോത്സവത്തിലേക്ക് ക്ഷണിക്കും. കുട്ടികൾക്ക് പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കും.പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ് ശ്രീലത, സമഗ്ര ശിക്ഷ കേരളം ആലപ്പുഴ ഡി.പി.സി എം.എസ്, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.