വിജ്ഞാനപ്രദായിനിയിൽ സ്വാഗതംചെയ്യും പുസ്തകചിത്രങ്ങൾ

Wednesday 21 May 2025 2:39 AM IST

ആലപ്പുഴ: പുന്നപ്ര വിജ്ഞാന പ്രദായിനി ഗ്രന്ഥശാലയുടെ അലമാരകൾ മാത്രമല്ല,​ ചുവരുകളും പുസ്തകങ്ങളാൽ സമ്പന്നമാണ്. വായനശാലയുടെ മുറ്റത്തെത്തുമ്പോൾ തന്നെ എം.ടിയുടെയും ബഷീറിന്റെയും ബെന്യാമിന്റെയും മാധവിക്കുട്ടിയുടെയും ഉൾപ്പടെയുള്ളവരുടെ പുസ്തക ചിത്രങ്ങളാണ് വായനാപ്രേമികളെ സ്വാഗതം ചെയ്യും.

വായനശാലാ അംഗം കൂടിയായ ഗോതര എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ദൈവപ്പുരയ്ക്കൽ ഡി.പി.ഗോപീന്ദ്രനാണ് വായനശാലയുടെ ചുവരുകൾ പുസ്തക ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചത്. ആർട്ടിൽ ഡിപ്ലോമ നേടിയിട്ടുള്ള ഗോപീന്ദ്രൻ തന്നെയാണ് ആശയവും മുന്നോട്ട് വച്ചത്. ശ്യം എസ്.കാര്യാതി സെക്രട്ടറിയും ആർ.അമ്യതരാജ് പ്രസിഡന്റുമായിട്ടുള്ള കമ്മിറ്റി ആശയം സ്വീകരിക്കുകയും ചെയ്തു.

പതിനഞ്ച് ദിവസങ്ങൾ കൊണ്ട് മുപ്പത് പുസ്തക ചിത്രങ്ങൾ പൂർത്തിയായി.

മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വിജ്ഞാന പ്രദായനി വായനശാലയെ തേടി നിരവധി പുരസ്കാരങ്ങൾ ഇതിനകം എത്തിയിട്ടുണ്ട്. പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ ഹരിത വായനശാലയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ എ ഗ്രേഡ് വായനശാല കൂട്ടിയാണ് വിജ്ഞാന പ്രദായിനി.

മൂന്ന് പേർ ചേർന്ന് 'ഗോതര'

1980 മുതൽ 97 വരെ ഗോപീന്ദ്രനും സുഹൃത്തുക്കളായ തങ്കജിയും രംഗനാഥും ചേർന്നായിരുന്നു ചിത്ര രചന.അങ്ങനെ മൂന്ന് പേരുടെയും പേരുകൾ കൂട്ടിയിണക്കിയിട്ട പേരായിരുന്നു ഗോതര. ഒരാൾ സർക്കാർ സർവീസിലേക്കും മറ്റൊരാൾ വേറെ ജോലിയിലേക്കും മാറിയപ്പോഴും ഗോതര എന്ന തൂലികാനാമം താൻ കൂടെകൂട്ടുകയായിരുന്നെന്ന് ഗോപീന്ദ്രൻ പറഞ്ഞു.