മണ്ണ് മാന്തിയന്ത്രം വെള്ളത്തിൽ മുങ്ങി
Wednesday 21 May 2025 12:10 AM IST
ഗുരുവായൂർ: ചൊവ്വല്ലൂർപ്പടിയിൽ തോട് വൃത്തിയാക്കാൻ ഗുരുവായൂർ നഗരസഭ കൊണ്ടുവന്ന മണ്ണ് മാന്തി യന്ത്രം വെള്ളത്തിൽ മുങ്ങി. കൊച്ചിൻ ഫ്രോണ്ടിയർ തോടിലെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ നാലു ദിവസം മുമ്പാണ് യന്ത്രം എത്തിച്ചത്. ഇന്നലെ മുതലാണ് യന്ത്രം തോട്ടിലിറക്കി വൃത്തിയാക്കൽ തുടങ്ങിയത്. എന്നാൽ തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ യന്ത്രം വെള്ളത്തിലായി. തോട്ടിലെ ഒഴുക്ക് തടസപ്പെട്ട് പരിസരങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന പ്രദേശമാണിത്. ഇവിടെ പലയിടത്തും കിണറുകൾ ഇടിഞ്ഞു താഴുന്ന അവസ്ഥയിലാണ്. മണ്ണിറങ്ങിപ്പോയതിനെ തുടർന്ന് തെങ്ങുകളും കടപുഴകി വീഴാവുന്ന നിലയിലാണ്.തോട് വൃത്തിയാക്കാൻ എത്തിച്ച യന്ത്രം ഇനി ഒഴുക്കിന് തടസമായി വെള്ളത്തിൽ കിടക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.