ഒ.എൽ.എക്സിൽ പരസ്യം നൽകി തൊഴിൽ തട്ടിപ്പ്: തുറമുഖ കമ്പനി അധികൃതർ പരാതി നൽകി

Wednesday 21 May 2025 1:46 AM IST

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിൽ ജോലി ഒഴിവുണ്ടെന്ന് ഒ.എൽ.എക്സ് ആപ്പിൽ പരസ്യം നൽകി തൊഴിൽ തട്ടിപ്പിന് ശ്രമം. തുറമുഖ കമ്പനി അധികൃതർ പരാതി നൽകിയതോടെ പരസ്യവും പിൻവലിച്ചു മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തു. പരസ്യത്തിലെ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 8മണിക്കൂർ വീതം 3 ഷിഫ്റ്റുകളായാണ് ജോലിയെന്നും ഒരാൾക്ക് 2 ഷിഫ്റ്റ് ജോലി ചെയ്യാൻ കഴിയുമെന്നും 35000 മുതൽ 40000 വരെയാണ് അടിസ്ഥാന ശമ്പളമെന്നുമായിരുന്നു പരസ്യം. ലേബർ യൂണിയനുകൾക്കും പാർട്ടിക്കും സംഭാവന നൽകണമെന്നും പരസ്യത്തിലെ നമ്പരിൽ ബന്ധപ്പെട്ടവർക്ക് മറുപടിയായി ലഭിച്ചിരുന്നു. പാർട്ടിയിലെ ഉയർന്ന തലത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും കൂടിക്കാഴ്ച നടത്താമെന്നും മറുപടിയിലുണ്ട്. പരസ്യം ശ്രദ്ധയിൽപ്പെട്ടതോടെ തുറമുഖ കമ്പനി അധികൃതർ പൊലീസിന് പരാതി നൽകുകയായിരുന്നു. ആരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മുമ്പും ഇത്തരം തട്ടിപ്പിന് ശ്രമം നടന്നിരുന്നതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ജോലി തട്ടിപ്പിനിരയാകരുതെന്ന് കാണിച്ച് കമ്പനി അധികൃതർ വെബ്സൈറ്റിൽ മുന്നറിയിപ്പ് നൽകി.