ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തി യു.കെ

Wednesday 21 May 2025 1:00 AM IST

ലണ്ടൺ: ഗാസയിലെ ആക്രമണം വ്യാപിപ്പിക്കുന്നതിനിടെ ഇസ്രയേലുമായുള്ള വ്യപാര ചർച്ചകൾ നിർത്തുകയാണെന്ന് അറിയിച്ച് യു.കെ. ഇസ്രയേലി അംബാസിഡർ സി.പി ഹോട്ടോവെലിയെ വിളിച്ചുവരുത്തുകയും ചെയ്തു. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയാണ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ നിർത്തിയ വിവരം അറിയിച്ചത്. നിലവിലുള്ള വ്യപാര കരാർ തുടരുമെന്നും എന്നാൽ കരാറുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ നടത്തുന്നത് നിർത്തുമെന്ന് യു.കെ അറിയിച്ചു. വെസ്റ്റ്ബാങ്കിലും ഗാസയിലും നടത്തുന്ന ആക്രമണങ്ങളെ തുടർന്നാണ് ചർച്ചകളിൽ നിന്ന് പിന്മാറുന്നതെന്ന് കൂട്ടിച്ചേർത്തു.

ആക്രമണം തുടരുകയും ഗാസയിലേക്ക് സഹായം എത്തുന്നത് തടയുന്നത് തുടരുകയും ചെയ്താൽ ഉപരോധങ്ങൾ ഉൾപ്പെടെയുള്ള ഉറച്ച നടപടികൾ സ്വീകരിക്കുമെന്ന് യു.കെ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യു.കെ വ്യാപാര ചർച്ചകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.

ഇതിനിടെ ഇസ്രയേലി മന്ത്രിമാർക്കെതിരെ ഉപരോധമേർപ്പെടുത്താന്‍ യൂറോപ്യൻ യൂണിയനിൽ സമ്മർദ്ദം ചെലുത്തുമെന്ന് സ്വീഡിഷ് ധനകാര്യ മന്ത്രി മരിയ മാൽമർ പറഞ്ഞു.