മദ്യലഹരിയിൽ മകൻ അമ്മയെ ചവിട്ടിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്
Wednesday 21 May 2025 9:22 AM IST
തിരുവനന്തപുരം: നെടുമങ്ങാട്ട് അമ്മയെ മകൻ ചവിട്ടിക്കൊന്നു. വട്ടപ്പാറ തേക്കട സ്വദേശിനി ഓമനയാണ് (80) മരിച്ചത്. മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മണികണ്ഠൻ ഓമനയെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയുമായിരുന്നു.
നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻതന്നെ ഓമനയെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മണികണ്ഠന്റെ മർദനത്തിൽ ഓമനയുടെ എല്ലുകൾ ഒടിയുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്തു. രാത്രി 11.30ഓടെ മരണം സ്ഥിരീകരിച്ചു. മുൻപും മണികണ്ഠൻ അമ്മയെ മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മണികണ്ഠൻ മദ്യപിക്കുന്നതിൽ ഓമനയ്ക്ക് എതിർപ്പുണ്ടായിരുന്നു. ഇതാണ് തർക്കത്തിന് കാരണമായതെന്നാണ് സൂചന. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.