'ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്'; ആരാധകർക്ക് സർപ്രൈസുമായി ലാലേട്ടൻ
നടന വിസ്മയം മോഹൻലാലിന്റെ അറുപത്തിയഞ്ചാം ജന്മദിനമാണിന്ന്. ലോകമെമ്പാടുമുള്ള ആരാധകർ താരരാജാവിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായെത്തിയിരിക്കുകയാണ് മോഹൻലാലിപ്പോൾ. 'മുഖരാഗം' എന്ന തന്റെ ജീവചരിത്രം വായനക്കാരിലേക്ക് എത്താൻ പോകുകയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
'എന്റെ ഈ പിറന്നാൾ ദിനത്തിൽ വലിയൊരു സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ബാലു പ്രകാശ് എഴുതിയ എന്റെ ജീവചരിത്രം 'മുഖരാഗം' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായരാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്തകമാണ് മുഖരാഗം. ഏറെ വർഷങ്ങൾ എനിക്കൊപ്പം സഞ്ചരിച്ച്, എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ബാലു പ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കിയത്. ആയിരത്തോളം പേജുകളുള്ള ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാകുന്ന 2025 ഡിസംബർ ഇരുപത്തിയഞ്ചിന് പുറത്തുവരും. നന്ദി'- എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.
കൂടാതെ വിശ്വശാന്തി ഫൗണ്ടേഷൻ ബേബി മെമ്മോറിയൽ ആശുപത്രിയുമായി ചേർന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കുറഞ്ഞ നിരക്കിൽ നടപ്പിലാക്കാനുള്ള പദ്ധതി നടപ്പിലാക്കുന്ന വിവരവും മോഹൻലാൽ അറിയിച്ചു.