ബൈക്കുകളെയും  വലിച്ചിഴച്ച്  റോഡിലൂടെ  പാഞ്ഞു,  ബസ്  അഴുക്കുചാലിലേക്ക്  മറിഞ്ഞ്   ഒരാൾ  മരിച്ചു,  മൂന്നുപേർക്ക് ഗുരുതരം

Wednesday 21 May 2025 11:17 AM IST

ബംഗളൂരു: കർണാടകയിലെ കനകപുരയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും മൂന്നുപേർക്ക് ഗുരുതമായി പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക സ്റ്റേറ്റ് ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് അഴുക്ക് ചാലിലേക്ക് മറിഞ്ഞത്. ബംഗളൂരു നഗര മധ്യത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കഗ്ഗലിപുരയിലാണ് അപകടം.

ഇരുചക്ര വാഹനത്തിൽ സ‌ഞ്ചരിച്ചിരുന്ന ഒരു പൊലീസ് ഇൻസ്പെക്ടറും അപകടത്തിൽപ്പെട്ടു. ഇദ്ദേഹം സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. അടിയിൽപ്പെട്ട ബൈക്കുകളെ ഏറെ ദൂരം വലിച്ചിഴച്ചു കൊണ്ടാണ് ബസ് അഴുക്കു ചാലിലേക്ക് മറിഞ്ഞത്. സ്റ്റിയറിംഗ് കേബിൾ മുറിഞ്ഞു പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ബസ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.