ബിഗ് ബോസ് സീസൺ 7 വരുന്നു, അവതാരകനായി മോഹൻലാൽ തന്നെയോ; മത്സരാർത്ഥിയായി രേണു സുധിയും?

Wednesday 21 May 2025 2:30 PM IST

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ബിഗ് ബോസ് സീസൺ 7 എത്തുന്നു. ലോഗോ പുറത്തുവന്നിട്ടുണ്ട്. അവതാരകനായി ഇത്തവണയും മോഹൻലാൽ തന്നെയാണോ എത്തുകയെന്ന് വ്യക്തമല്ല. എന്നിരുന്നാലും ലോഗോയിൽ ഇടതുവശത്ത് 'L' എന്നും വലതുഭാഗത്ത് '7' എന്നും നൽകിയിട്ടുണ്ട്. ഈ 'L' മോഹൻലാലിനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് സൂചന. '7' സീസണെ സൂചിപ്പിക്കുന്നു. മാത്രമല്ല ലോഗോ പുറത്തുവിട്ടത് മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണെന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബോസ് സീസൺ 7 എപ്പോൾ വരുമെന്ന് കഴിഞ്ഞ കുറച്ചുനാളുകളായി പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്ന ചോദ്യമാണ്. ആരൊക്കെയാണ് മത്സരാർത്ഥികളായി എത്തുന്നതെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ബിഗ് ബോസ് ഹൗസിലുണ്ടാകുമെന്ന് പ്രേക്ഷകർ കണക്കുകൂട്ടുന്ന ചിലരുണ്ട്. പ്രേക്ഷകരുടെ ലിസ്റ്റിൽ മുൻപന്തിയിലുള്ളയാൾ അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ്.

ബിഗ് ബോസിൽ വരാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് വിളിച്ചാൽ പോകുമെന്ന് രേണു സുധി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഞാൻ സ്ഥിരം കാണുന്ന പരിപാടിയേയല്ല. സ്‌ക്രോൾ ചെയ്തുപോകുമ്പോൾ ഷോർട്ട്സ് കാണാറുണ്ട്. പരിപാടി ഇഷ്ടമാണ്.'- എന്നായിരുന്നു രേണു സുധി അന്ന്‌ പറഞ്ഞത്.

സോഷ്യൽ മീഡിയയിലെ താരമായ രേണു സുധി ബിഗ് ബോസിലെത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജിന്റോയായിരുന്നു ബിഗ് ബോസ് സീസൺ 6ലെ വിജയി. അർജുൻ രണ്ടാം സ്ഥാനവും ജാസ്മിൻ മൂന്നാം സ്ഥാനവും നേടി.