'അവർ കൊലപാതകമൊന്നും ചെയ്‌തിട്ടില്ല, ലഹരിക്കേസിലുമില്ല', ഹൈക്കോടതി വാദം തള്ളി പൂജ ഖേദ്‌കറിന് ജാമ്യം നൽകി സുപ്രീംകോടതി

Wednesday 21 May 2025 3:29 PM IST

ന്യൂഡൽഹി: വ്യാജ ഐഎഎസ് കേസിൽ പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥ പൂജ ഖേദ്‌കറിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റ് ചെയ്‌താലും പൂജയ്‌ക്ക് ജാമ്യം നൽകി വിട്ടയക്കണം എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. സിവിൽ സർവീസ് പരീക്ഷയിൽ ശാരീരിക വൈകല്യമുണ്ടെന്നും പിന്നാക്ക വിഭാഗത്തിൽ പെട്ടതെന്ന് കാണിക്കാൻ തന്റെ പേരിലെ ജാതി മാറ്റുകയും വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്‌ത സംഭവത്തിലാണ് പൂജയ്‌ക്കെതിരെ കേസെടുത്തത്.

കേസിൽ പൂജയ്‌ക്ക് ജാമ്യം നിഷേധിച്ച് നവംബർ മാസത്തിൽ ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവിലെ പരാമർശങ്ങൾ സുപ്രീംകോടതി തള്ളി. കേസിൽ സഹകരിക്കുന്നില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ നിഗമനത്തെയാണ് സുപ്രീംകോടതി തള്ളിക്കളഞ്ഞത്. 'സഹകരിക്കുന്നില്ല എന്ന് പറയുന്നതിന്റെ അർത്ഥമെന്താണ്? പൂജ കൊലപാതകമൊന്നും ചെയ്‌തിട്ടില്ല. ലഹരികേസിൽ ശിക്ഷിക്കപ്പെടാവുന്ന തരം വകുപ്പുള്ള കുറ്റവുമല്ല. അവർ സഹകരിച്ചുകൊള്ളും.' കേസ് പരിഗണിച്ച ജസ്‌റ്റിസ് ബി വി നാഗരത്ന പറഞ്ഞു.

പൂജയ്‌ക്ക് ജാമ്യം നൽകി പുറത്തുവിടുന്നതിനെ ഡൽഹി പൊലീസിന്റെ അഭിഭാഷകൻ എതിർത്തിരുന്നു. പൂജ ഗൂഢാലോചന നടത്തിയതിന്റെ തെളിവ് ലഭിക്കാൻ അവരുടെ തുടർച്ചയായ കസ്റ്റ‌ഡി ആവശ്യമുണ്ട് എന്നും ആഡീഷണൽ സോളിസിറ്റർ ജനറലായ എസ് വി രാജു കോടതിയിൽ വാദിച്ചു.

ഹൈക്കോടതി ഉത്തരവിനെതിരെ പൂജ നൽകിയ ഹർജിയിൽ ജനുവരി മാസത്തിൽ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മാർച്ച് മാസത്തിൽ ജാമ്യം നീട്ടി. തുടർന്നാണ് ഇന്ന് മുൻകൂർ ജാമ്യം ലഭിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും ഇവർക്ക് കോടതി മുന്നറിയിപ്പും നൽകി.