പ്രപഞ്ച വിസ്മയങ്ങളുടെ കടങ്കഥയും പൊരുളും
പ്രപഞ്ചത്തിനൊരു തുടക്കവും ഒടുക്കവുമില്ല, അത് സ്ഥിരമായി തുടരുന്നു എന്ന ഭാരതീയ ചിന്തയോട് ഒത്തുനിൽക്കുന്ന സങ്കല്പം മുന്നോട്ടുവച്ചാണ് പ്രമുഖ പ്രപഞ്ചവിജ്ഞാനീയ ശാസ്ത്രജ്ഞനായ ജയന്ത് വിഷ്ണു നാർലിക്കർ ലോകപ്രശസ്തിയാർജ്ജിച്ചത്. കേംബ്രിജിലെ ഫ്രെഡ് ഹോയ്ലിന്റെ 'സ്ഥിരസ്ഥിതി പ്രപഞ്ച"മെന്ന (സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം) ആശയം ശ്രദ്ധയാർജ്ജിച്ച കാലം. ഹോയ്ലിന്റെ കീഴിൽ ഗവേഷണം ചെയ്ത് ആ സിദ്ധാന്തത്തെ മിനുക്കി അവതരിപ്പിച്ച ക്വാസി സ്റ്റെഡി സ്റ്റേറ്റ് മോഡൽ പാശ്ചാത്യ ഗവേഷകർ അംഗീകരിക്കാൻ വൈമുഖ്യം കാണിച്ചെങ്കിലും ഇന്നും പ്രസക്തമായിത്തന്നെ തുടരുന്നു. രാജ്യത്തെ ശാസ്ത്രപഠനരംഗത്തെ അത്യന്തം പരിപോഷിപ്പിച്ച ശാസ്ത്രജ്ഞന്റെ വിയോഗം വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും മുതിർന്ന ശാസ്ത്രജ്ഞരിലൊരാളായ നാർലിക്കർ പ്രപഞ്ചവിജ്ഞാനീയ ശാഖയിലെ മുൻ നിരക്കാരനായിരുന്നു. സ്റ്റീഫൻ ഹോക്കിംഗിന്റെ പ്രബന്ധത്തിന്റെ ഒരു ഭാഗം ഹോയ്ൽ- നാർലിക്കർ സിദ്ധാന്തത്തെ വേറിട്ട കോണിലൂടെ കാണുന്നതാണ്. മഹാവിസ്‌ഫോടന സിദ്ധാന്തം (ബിഗ് ബാങ് തിയറി) നിരീക്ഷണ തെളിവുകളുടെ അടിസ്ഥാനത്തിൽ ശ്രദ്ധയാർജ്ജിച്ചപ്പോൾ സ്ഥിരസ്ഥിതി സിദ്ധാന്തം തള്ളിക്കളയേണ്ട അവസ്ഥ സംജാതമായി. എന്നാൽ അതിനൊരു മറുമരുന്നായി, നാർലിക്കറുടെ ആശയങ്ങൾ. പ്രപഞ്ചത്തിലെങ്ങും ദ്രവ്യം തുടർച്ചയായി സൃഷ്ടിക്കപ്പെടുന്നു, അയ്യായിരം കോടി വർഷം കൂടുമ്പോൾ പ്രാദേശികമായുണ്ടാകുന്ന ചെറു മഹാവിസ്‌ഫോടനം പോലെയുള്ള സംഭവങ്ങളിൽ ദ്രവ്യം ഉദ്ഭവിക്കുന്നു എന്നായിരുന്നു നാർലിക്കറുടെ പരികൽപന. പ്രപഞ്ചം 1382 കോടി വർഷം മുൻപ് ജന്മമെടുത്തതല്ല എന്നും അതിലും പ്രായമുള്ള നക്ഷത്രങ്ങൾ കണ്ടെത്തുമ്പോൾ ആ സങ്കല്പനത്തിന്റെ അടിത്തറയിളകുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ശരിയാണ്, മഹാവിസ്‌ഫോടന സിദ്ധാന്തത്തെ നിലനിറുത്താനായി ധാരാളം കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. നിരീക്ഷണ തെളിവുകൾ ആ സിദ്ധാന്തത്തിനെതിരാകുമ്പോൾ പണ്ടത്തെ ഗ്രീക്ക് ചിന്തകരെപ്പോലെ എപ്പിസൈക്കിളുകൾ വച്ച് അത് നിലനിറുത്താനായി ശ്രമിച്ചുവരുന്നു എന്ന് നാർലിക്കർ അഭിപ്രായപ്പെട്ടു. അംഗീകാരങ്ങളുടെ പിന്നാലേ പോകാൻ താത്പര്യമില്ലാത്ത നാർലിക്കർ കേംബ്രിജിൽ തുടരാതെ മാതൃരാജ്യത്ത് ഗവേഷണമാരംഭിച്ചു. ശാസ്ത്രപഠനരംഗത്തെ പരിപോഷിപ്പിക്കാനായി നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ശാസ്ത്രചിന്തയെ പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസങ്ങൾ അകറ്റാനും അദ്ദേഹം പ്രയത്നിച്ചു. ഡിസംബറിലെ ഒരു തണുത്ത പ്രഭാതത്തിൽ പുണെയിൽ, സ്വപ്രയത്നത്തിൽ സ്ഥാപിച്ച് വളർത്തിയെടുത്ത 'അയൂക"യിലെ (ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സ്) ഓഫീസുമുറിയിൽ അദ്ദേഹവുമായി വളരെനേരം സംസാരിച്ചിരിക്കാൻ അവസരം ലഭിച്ചിരുന്നു. തന്റെ ആശയങ്ങളിൽ ഉറച്ചുനിന്ന അദ്ദേഹം ഒരു മഹാമുനിയെ അനുസ്മരിപ്പിച്ചു. 'ഗുരുത്വാകർഷണം എന്നൊരു ബലമുണ്ടെങ്കിൽ പ്രപഞ്ചത്തിന് സ്വയം ഉദ്ഭവിക്കാനാകും എന്ന് ഹോക്കിങ് പറഞ്ഞല്ലോ" എന്ന എന്റെ ചോദ്യത്തിന്, 'പ്രപഞ്ചത്തിനു തുടങ്ങേണ്ട ആവശ്യമില്ലല്ലോ. അതങ്ങനെ തന്നെ തുടരുന്നു" എന്ന് മറുപടി. പിന്നെ 'എ ഡിഫറന്റ് അപ്രോച്ച് ടു കോസ്‌മോളജി" എന്ന, താനെഴുതിയ പുസ്തകം വായിക്കാൻ നിർദ്ദേശിച്ചു. 'ദ കോസ്മിക് സിംഫണി" എന്ന എന്റെ കൃതിയുടെ മുൻ പേജിൽ നൽകാൻ ഒരു കുറിപ്പ് അദ്ദേഹം അയച്ചുതന്നു. 'മഹാവിസ്‌ഫോടന സിദ്ധാന്തത്തിന്റെ അന്ത്യമടുത്തുവോ" എന്ന ചോദ്യമാണ് അദ്ദേഹം അതിലുന്നയിച്ചത്. പ്രപഞ്ചത്തിനൊരു തുടക്കമുണ്ടായിരുന്നെന്ന് വരുത്തിത്തീർക്കാനുള്ള പാശ്ചാത്യ ഗവേഷകരുടെ ശ്രമത്തെ വിമർശിക്കുകയും ചെയ്തു. എന്റെ പുസ്തകത്തിലെ ഒരദ്ധ്യായം നാർലിക്കറുടെ ആശയത്തെക്കുറിച്ചാണ്. 'ജീവൻ ഭൂമിയിൽ വർഷിക്കപ്പെട്ടതാണ്" എന്ന ഫ്രെഡ് ഹോയ്ലിന്റെ ആശയത്തെ പിന്താങ്ങി അദ്ദേഹം എഴുതിയപ്പോൾ, 'ജീവനുദ്ഭവിക്കാൻ ഭൂമിയിലെ അവസ്ഥകൾ മതിയാകുമല്ലോ- മറ്റെവിടെയോ നിന്ന് അതെത്തിച്ചേരേണ്ട ആവശ്യമില്ല. ഭൂമിയുടെ ആദ്യകാലത്ത് ജീവനുദ്ഭവിക്കാനുള്ള അവസ്ഥകളുണ്ടായിരുന്നു, പ്രപഞ്ചം കുറുക്കുവഴികൾ തേടുന്നു..." എന്ന് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ കാര്യകാരണ സഹിതം എഴുതിയപ്പോൾ അദ്ദേഹം അനുമോദനം അറിയിച്ചു.
'ദ സ്ട്രക്ച്ചർ ഒഫ് ദ യൂണിവേഴ്സ്" എന്ന കൃതി സ്റ്റീഫൻ ഹോക്കിങ്ങിന്റെ 'ബ്രീഫ് ഹിസ്റ്ററി ഒഫ് ടൈ"മിനു വളരെ മുൻപ് പ്രപഞ്ച വിജ്ഞാനീയത്തെ ജനപ്രിയമാക്കാൻ യത്നിച്ചതാണ്. സെവൻ വണ്ടേഴ്സ് ഒഫ് ദ കോസ്‌മോസ്, ദ ലൈറ്റർ സൈഡ് ഓഫ് ഗ്രാവിറ്റി എന്നിവയും, റിട്ടേൺ ഒഫ് വാമൻ, ദ കോമറ്റ് തുടങ്ങിയ ബാലസാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. ഇരുപത്തിയാറാം വയസിൽ പദ്മഭൂഷണും പിന്നെ പദ്മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ശാസ്ത്രത്തിലെ കടുകട്ടി ആശയങ്ങൾ ജനപ്രിയമാക്കാനുള്ള യത്നത്തിന് യുനസ്‌കോയുടെ കലിംഗ പുരസ്‌കാരവും ലഭിച്ചു. കോലാപ്പൂരിൽ ജനിച്ച ജയന്ത് നാർലിക്കർ ബനാറസ് ഹിന്ദു സർവകലാശാലയിലെ പഠനത്തിനുശേഷം കേംബ്രിജിലെത്തി ഗവേഷണം തുടർന്നു. ജ്യോതിശാസ്ത്രം, ജ്യോതിർഭൗതികം, പ്രപഞ്ചവിജ്ഞാനീയം എന്നിവയായിരുന്നു വിഷയങ്ങൾ. പ്രശസ്തമായ ആദംസ് പ്രൈസ്, സ്മിത്ത് പ്രൈസ് എന്നിവ നൽകി കേംബ്രിജ് സർവകലാശാല അദ്ദേഹത്തിന്റെ സംഭാവനകളുടെ മൂല്യത്തെ അംഗീകരിച്ചു. 'അയൂക"യുടെ സ്ഥാപക ഡയറക്ടറും പിന്നീട് എമെറിറ്റസ് പ്രൊഫസറുമായി സേവനമനുഷ്ഠിച്ചു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന താണു പദ്മനാഭൻ നാർലിക്കറുടെ കീഴിലാണ് തന്റെ ഗവേഷണം പൂർത്തിയാക്കിയത്. പിതാവ് വിഷ്ണു നാർലിക്കർ ഗണിതശാസ്ത്ര, സൈദ്ധാന്തിക ഭൗതികശാസ്ത്ര പ്രൊഫസറും മാതാവ് സുമതി സംസ്‌കൃത പണ്ഡിതയുമായിരുന്നു. ഗണിതശാസ്ത്രജ്ഞയായ മംഗളയായിരുന്നു പത്നി. മൂന്നു പെണ്മക്കൾ വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പ്രവർത്തിക്കുന്നു. കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ച 'മൈ റ്റേൽ ഒഫ് ഫോർ സിറ്റീസിൽ' തന്റെ ഗവേഷണ സപര്യയെകുറിച്ച് നാർലിക്കൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.