24 മണിക്കൂറിനകം രാജ്യം വിടണം,​ പാക് ഹൈക്കമ്മിഷനിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ഇന്ത്യ പുറത്താക്കി

Wednesday 21 May 2025 8:36 PM IST

ന്യൂഡൽഹി : പാകിസ്ഥാനി ഹൈക്കമ്മിഷനിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെ കൂടി പുറത്താക്കി ഇന്ത്യ. നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. 24 മണിക്കൂറിനകം രാജ്യം വിടാൻ ഇയാളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് ഇന്ത്യ താക്കീത് നൽകി. ഹൈക്കമ്മിഷനിലെ ചാർജ് ഡെ അഫയേഴ്‌സിനെ വിളിച്ചുവരുത്തിയാണ് നയതന്ത്ര അവകാശം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യരുതെന്ന് നിർദ്ദേശം നൽകിയത്. ഇന്ത്യയിലുള്ള ഒരു പാകിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥനും തങ്ങളുടെ പദവി ദുരുപയോഗം ചെയ്യരുതെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ മേയ് 13നും ഡൽഹിയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്ഥാനും പുറത്താക്കിയിരുന്നു.