രവിമോഹൻ മുട്ടിയത് കെനിഷയുടെ വാതിലിൽ
നടൻ രവിമോഹന്റെ ആരോപണങ്ങളിൽ മറുപടിയുമായി ഭാര്യ ആർതി. കുടുംബ ജീവിതം തകർത്തത് മൂന്നാമതൊരാളുടെ സാന്നിദ്ധ്യമാണെന്ന് ആർതി. രവിമോഹന്റെ സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാൻസിസിന്റെ പേരെടുത്ത് പറയാതെയാണ് ആർതി പുതിയ കുറിപ്പിലൂടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അതേസമയം വിവാഹ മോചനത്തിനുശേഷം വരുന്ന സാമ്പത്തിക സഹായങ്ങൾക്കും മറ്റുമായി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട് ആർതി കേസ് ഫയൽ ചെയ്തിട്ടുണ്ട്.ഇതിൽ ജയംരവിയുടെ മറുപടി കേട്ട ശേഷം ജൂൺ 12ന് കേസ് വീണ്ടും പരിഗണിക്കും.അതേസമയം
അവസാനമായി പേടിയില്ലാതെ ചില സത്യങ്ങൾ തുറന്നുപറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് പുതിയ കുറിപ്പിൽ ആർതി പറയുന്നു . അടുത്തിടെ നടന്ന ചില അസത്യ പ്രസ്താവനകൾ കേട്ടിട്ട് ഒരിക്കൽ കൂടി തുറന്നു സംസാരിക്കുകയല്ലാതെ മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല. സത്യം എന്നെങ്കിലും പറഞ്ഞേ മതിയാകു.
ഞങ്ങളെ തകർത്തത് ഞങ്ങൾക്കിടയിലുള്ള പ്രശ്നങ്ങളല്ല. മറിച്ച് പുറത്തുള്ള ഒരാളായിരുന്നു. നിങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം ഞങ്ങളിലേക്ക് ഇരുട്ട് മാത്രമാണ് കൊണ്ടുവന്നത്. വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്യുന്നതിന് എത്രയോ മുൻപ് തന്നെ ഇൗ വ്യക്തി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ഇതെന്റെ ഉൗഹമല്ല. തെളിവുകളുള്ള കാര്യമാണ്. ഭർത്താവിനെ അമിതമായി നിയന്ത്രിക്കുന്ന ഭാര്യ എന്ന പഴി എനിക്കുണ്ട്. പക്ഷേ എന്റെ ഭർത്താവിന്റെ സ്വഭാവദൂഷ്യങ്ങളിൽനിന്ന് ദോഷകരമായ ശീലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടി അദ്ദേഹത്തെ നിയന്ത്രിക്കാൻ ശ്രമിച്ചത് തെറ്റാണെങ്കിൽ അത് ഞാൻ സമ്മതിക്കുന്നു. വീട് വിട്ടിറങ്ങിയത് എല്ലാ സ്ഥാവാരജംഗമ വസ്തുക്കളും അന്തസും നഷ്ടപ്പെട്ടാണെന്ന് പറഞ്ഞല്ലോ, സത്യം എന്താണെന്നോ? ബ്രാൻഡഡ് സ്നീക്കേഴ്സും മുഴുവൻ വസ്ത്രങ്ങളും ധരിച്ച് വാലറ്റും റേഞ്ച് റോവറി എടുത്തുകൊണ്ടാണ് അയാൾ പോയത്. ഞാൻ അയാളെ നാടുകടത്തിയതല്ല . മറിച്ച് ശാന്തമായി ബോധപൂർവം ഒരു പദ്ധതി പ്ളാൻ ചെയ്ത് അത് നടപ്പാക്കാനാണ് അയാൾ വീട് വിട്ടത്.
എന്റെ പിടിയിൽനിന്ന് ശരിക്കും രക്ഷപ്പെട്ട് ഒാടുകയായിരുന്നുവെങ്കിൽ അയാൾ ഞാൻ ഉപേക്ഷിച്ചു എന്ന് പറയപ്പെടുന്ന അയാളുടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. പകരം ഞങ്ങളുടെ ജീവിതത്തിൽ കൂടുതൽ നാശം വിതയ്ക്കുന്ന മറ്റൊരു വാതിലിൽ ആണ് അയാൾ മുട്ടിയത്.
18 വർഷത്തെ കുടുംബ ജീവിതത്തിനുശേഷം നിങ്ങൾക്ക് അന്തസോടെ വേർപിരിയാമായിരുന്നു. പകരം നിങ്ങളുടെ തെറ്റുകൾ മറയ്ക്കാൻ നിങ്ങൾ എന്നെ തീയിലേക്ക് വലിച്ചെറിഞ്ഞു. അദ്ദേഹത്തിന് സമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ ദുർബലയല്ല, സഹതാപം യാചിക്കാനല്ല ഞാൻ ഇതെഴുതുന്നത്. ഇതിനപ്പുറം ഞാൻ ഇനിയൊന്നും പറയില്ല. കാരണം ഞാൻ ഇപ്പോഴും നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു. ആർതിയുടെ വാക്കുകൾ.