മോഹൻലാൽ തായ്ലൻഡിൽ
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായി മോഹൻലാൽ തായ് ലൻഡിൽ. രണ്ടുദിവസം കഴിഞ്ഞ് മടങ്ങിഎത്തും എന്നാണ് വിവരം. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും കുടുംബത്തിനും ഒപ്പം കേക്ക് മുറിച്ച് മോഹൻലാൽ പിറന്നാൾ ആഘാഷിച്ചിരുന്നു. ആന്റണിയുടെ വീട്ടിൽ വച്ചായിരുന്നു ആഘോഷം. ആന്റണിയുടെ ഭാര്യ ശാന്തി, മക്കളായ അനിഷ, ആശിഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
അനിഷയുടെ ഭർത്താവിന്റെ മാതാപിതാക്കളായ ഡോ. വിൻസന്റും ഭാര്യ സിന്ധുവും പങ്കുചേർന്നു. മോഹൻലാലിന്റെ ഭാര്യ സുചിത്ര, മക്കളായ പ്രണവ്, വിസ്മയ എന്നിവർ എത്തിയില്ല. 65-ാം പിറന്നാൾ ആഘോഷിച്ച മോഹൻലാലിന് ആരാധകരും സഹപ്രവർത്തകരും ആശംസ നേർന്നു. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്ന് ചിത്രത്തിനൊപ്പം കുറിച്ചു.
അതേസമയം അമൽ നീരദ് ചിത്രമാണ് മോഹൻലാലിനെ കാത്തിരിക്കുന്നത്. ഒൗദ്യാേഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ, അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസിന് തിരക്കഥ എഴുതിയ വിൻസന്റ് വടക്കൻ രചന നിർവഹിക്കുന്നു. രജനികാന്ത് ചിത്രം ജയിലർ 2 ൽ ജൂൺ അവസാനമോ ജൂലായ് ആദ്യമോ മോഹൻലാൽ ജോയിൻ ചെയ്യും. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ജയിലർ 2 ൽ മലയാളി താരങ്ങളുടെ നീണ്ട നിരയുണ്ട്. സുരാജ് വെഞ്ഞാറമൂട്, സുനിൽ സുഖദ, അന്ന രാജൻ, സുജിത് ശങ്കർ, കോട്ടയം നസീർ, വിനീത് തട്ടിൽ തുടങ്ങിയവരാണ് മലയാളി താരങ്ങൾ.