ഇന്ത്യയിലുള്ള ഈ രാജ്യക്കാര്‍ക്ക് പണി വരുന്നു; കണ്ടെത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Wednesday 21 May 2025 9:09 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി കുടിയേറി പാര്‍ക്കുന്നവരുടെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മാരില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലീങ്ങളുടേയും കണക്കാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംശയം തോന്നുന്ന വ്യക്തികളുടെ രേഖകള്‍ പരിശോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞു.

30 ദിവസത്തെ സമയപരിധി നല്‍കിയിരിക്കുകയാണ് നാട് കടത്താനും നിയമനടപടി സ്വീകരിക്കാനും. ഫെബ്രുവരിയില്‍, അനധികൃത ബംഗ്ലാദേശികളേയും, റോഹിംഗ്യന്‍ കുടിയേറ്റക്കാരെയും രാജ്യത്തേക്ക് കടക്കുന്നതിനും, രേഖകള്‍ നേടുന്നതിനും, അവരുടെ താമസം സുഗമമാക്കുന്നതിനും സഹായിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനും തിരിച്ചറിയാനും നാടുകടത്താനും അവരുടെ നിയമപരമായ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നാടുകടത്തല്‍ കാത്തിരിക്കുന്ന വ്യക്തികളെ സൂക്ഷിക്കാന്‍ മതിയായ ജില്ലാതല തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത കുടിയേറ്റം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവതരമായ വിഷയമാണ്. സമീപകാലത്ത് പഹല്‍ഗാമില്‍ ഉള്‍പ്പെടെ നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പഴുതടച്ച സുരക്ഷയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നാണ് വിവരം. അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ കര്‍ശന നിര്‍ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.