വീടുകളിലേക്ക് ചെളി ഒഴുകുന്നു; കുപ്പത്ത് റോഡിറങ്ങി പ്രതിഷേധം
കണ്ണൂർ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.പ്രദേശവാസികൾ മണിക്കൂറുകളോളം ഉപരോധിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഉപരോധം അവസാനിപ്പിക്കാൻ പൊലീസ് അഭ്യർത്ഥിച്ചെങ്കിലും നാട്ടുകാർ തയ്യാറായില്ല.ഒടുവിൽ ആർ.ഡി.ഒ ടി.വി.രഞ്ജിത്ത് സ്ഥലത്തെത്തി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്.
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ദേശീയപാത നിർമ്മാണ മേഖലയിൽ നിന്നും മണ്ണും ചെളിവെള്ളവും കുത്തിയൊഴുകി വീടുകളിലേക്കെത്തുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.ചുടല കപ്പണത്തട്ടിൽ ദേശീയപാത പ്രവൃത്തി നടക്കുന്ന ഭാഗത്ത് നിന്നാണ് കുപ്പം സി.എച്ച് നഗറിലേക്ക് ചെളിയും മഴവെള്ളവും ഒഴുകിയെത്തുന്നത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്.റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത്.ഉപരോധം തടയാൻ എത്തിയ പൊലീസുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വാക്കേറ്റവുമുണ്ടായി.
ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് ചെളിയും മണ്ണും ഒഴുകിയെത്താൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തെ മഴയിലാണ് കുപ്പം പ്രദേശത്തെ മൂന്ന് വീടുകളിൽ ചെളിയും മഴവെള്ളവും കയറിയത്. ഉരുൾപ്പൊട്ടലിന് സമാനമായ സ്ഥിതിയായിരുന്നു ഇവിടെ. ജെ.സി.ബി എത്തിച്ച് വെള്ളത്തിന്റെ ഗതിമാറ്റിയതോടെയാണ് വീടുകളിലേക്ക് ചെളി കയറുന്നതിന് ശമനമുണ്ടായത്. സി.എച്ച് നഗറിലെ ബി.മറിയം, ബി.ബുഷ്‌റ, ബി.ഷബാന എന്നിവരുടെ വീടുകളിലേക്കാണ് ചെളി ഒഴുകിയെത്തിയത്.ഇതോടെ സമീപവാസികളെല്ലാം കടുത്ത ആശങ്കയിലായി. റോഡിന് മുകളിലെ മൺതിട്ടകൾ ഇടിഞ്ഞ് താഴേക്ക് പതിക്കുന്ന സ്ഥിതിയും ഇവിടെയുണ്ട്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, പി.പ്രശോഭ്, പി.വി.അബ്ദുൽ ഷുക്കൂർ, കെ.പി. സൽമത്ത്, പി.വി.സജീവൻ എന്നിവരാണ് ആർ.ഡി.ഒയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
കുപ്പത്തെ വയനാടാക്കരുതെന്ന് പ്രതിഷേധക്കാർ
'സാറിന്റെ വീട്ടിലാണ് ഇത് സംഭവിച്ചതെങ്കിൽ സാറ് നോക്കി നിൽക്കുമോയെന്നായിരുന്നു പ്രതിഷേധക്കാരായ സ്ത്രീകൾ പൊലീസിനോട് ചോദിച്ചത്.കുപ്പത്തെ മറ്റൊരു വയനാടക്കരുതെന്നും അപകടം സംഭവിച്ചതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. കളക്ടർ വന്നാൽ മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്നും പ്രതിഷേധക്കാർ പറഞ്ഞു.കളക്ടർ ഒരു മണിക്കൂർ കൊണ്ട് സ്ഥലത്തെത്തുമെന്ന് അറിയിച്ചതോടെ ഉപരോധം താത്ക്കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതിഷേധം തുടർന്നു.ഇതോടെ ഒരു വശത്തു കൂടി വാഹനങ്ങൾ കടത്തി വിടുകയുമായിരുന്നു.
ഇന്ന് സംയുക്തപരിശോധന
ചർച്ചയുടെ അടിസ്ഥാനത്തിൽ എൻ.എച്ച്.എ.ഐ കൺസൾട്ടൻസി എൻജിനീയർ, പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനയർ, വില്ലേജ് ഓഫിസർ, വാർഡ് മെമ്പർ എന്നിവർ ഇന്ന് സംയുക്ത പരിശോധന നടത്തും. 27ന് മുമ്പായി മഴവെള്ളം ഒഴുകിപ്പോകുന്നതിന് താൽക്കാലിക സംവിധാനം ഒരുക്കും. വീടിന് ഉണ്ടായ നാശനഷ്ടം പരിശോധിച്ച് നിർമ്മാണ കരാർ കമ്പനിയിൽ നിന്നും ഈടാക്കാനുള്ള നടപടിയെടുക്കും, വെള്ളം കയറി നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കാൻ നടപടിയെടുക്കും. വീടുകൾ നിർമ്മാണ കമ്പനി തൊഴിലാളികളെ കൊണ്ട് ശുചീകരിക്കും. റോഡ് നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് വെള്ളം ഒഴുകിപ്പോകാൻ സ്ഥിരം സംവിധാനം ഒരുക്കാനും തീരുമാനിച്ച് നാട്ടുകാരെ അറിയിച്ചു.