മുൻഗണനക്കാർ 30; പട്ടിക ഇറങ്ങിയപ്പോൾ 58 ; പ്രൈമറി അദ്ധ്യാപക സ്ഥലംമാറ്റം തോന്നുംപടി
മുൻഗണനാ പട്ടികയുടെ മറവിൽ ഇഷ്ടക്കാർക്ക് നിയമനം!
കാസർകോട് :സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്വീകരിച്ച പ്രൈമറി അദ്ധ്യാപക സ്ഥലംമാറ്റ നടപടി വിവാദത്തിൽ.ലഭിച്ച 524 അപേക്ഷകളിൽ 170 അദ്ധ്യാപകർക്ക് അനുവദിച്ച സ്ഥലംമാറ്റ ഉത്തരവ് ഇഷ്ടക്കാർക്കായി മാറ്റിമറിച്ചെന്നാണ് ആരോപണം.
പട്ടികയിൽ 30 പേരാണ് മുൻഗണനക്ക് അർഹതയുള്ളവരായി കണക്കാക്കിയിരുന്നത്. എന്നാൽ ലിസ്റ്റ് വന്നപ്പോൾ മുൻഗണനക്കാരുടെ എണ്ണം 58 ആയി ഉയർന്നു. ഇന്നലെ അഞ്ച് മണി വരെയായിരുന്നു പരാതി സമയം. ഇന്നലെ രണ്ട് മണിക്ക് മുമ്പാണ് ലിസ്റ്റ് ഇറങ്ങിയത്. ഡി.ഡി.ഇ ഓഫീസിൽ ഉള്ളവർ ഇതിനെതിരെയുള്ള പരാതി വാങ്ങാൻ കൂട്ടാക്കിയില്ലെന്ന ആക്ഷേപവും ഇതിനിടയിൽ ഉയർന്നിട്ടുണ്ട്. ഓൺലൈൻ ആയി തിരുവനന്തപുരം ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷന് പരാതി നൽകണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിർദ്ദേശം. പരാതി വാങ്ങാൻ കഴിയില്ലെന്ന് എഴുതി തരണമെന്ന് അദ്ധ്യാപകരിൽ ചിലർ ആവശ്യപ്പെട്ടത് ഒച്ചപ്പാടിനും ഇടയാക്കി. സ്ഥലം മാറ്റത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി ഡി.ഡി.ഇ വാങ്ങിയതാണെന്നും പരാതി ഡയറക്ടർ ജനറലിന് അയക്കണമെന്ന് പറയുന്നത് ഏത് റൂൾ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു സ്ഥലംമാറ്റത്തിന് അപേക്ഷിച്ച് അനുവദിക്കപ്പെടാത്ത അദ്ധ്യാപകരുടെ ചോദ്യം. താൽക്കാലിക സ്ഥലംമാറ്റ ലിസ്റ്റിൽ ആക്ഷേപം ബോധിപ്പിക്കാൻ സാധാരണ നിലയിൽ രണ്ട് ദിവസം സമയം നൽകുന്നതാണ് പതിവ്.സ്ഥലം മാറ്റങ്ങളിൽ മുൻഗണന എത്ര ശതമാനമാണെന്ന് അധികൃതർ വെളിപ്പെടുത്തുന്നില്ലെന്നാണ് അപേക്ഷകരിൽ വലിയൊരു വിഭാഗത്തിന്റെയും പരാതി.
ജൂനിയർ അദ്ധ്യാപകർക്ക് ഇഷ്ട നിയമനം? കാസർകോട് ഡി.ഡി.ഇയുടെ ഓഫീസിൽ നിന്നാണ് എൽ.പി.എസ്.എ, യു.പി.എസ്.എ അദ്ധ്യാപകരുടെ സ്ഥലം മാറ്റം നടപ്പിൽ വരുത്തിയത്. 524 അപേക്ഷകരിൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കിയാണ് നിയമനം.സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിച്ച സ്ഥലത്ത് വേക്കൻസി ഉണ്ടെങ്കിൽ നിയമനം നൽകണമെന്നാണ് ചട്ടം. അതിന് പകരം ജൂനിയർ അദ്ധ്യാപകർക്ക് ഇഷ്ടപ്പെട്ട സ്കൂളിലേക്ക് മാറ്റം ലഭിച്ചതാണ് ഒരു വിഭാഗം അദ്ധ്യാപകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മാറ്റിമറിച്ചത് 'അദർ പ്രയോറിറ്റി "
സർവ്വീസിൽ നിന്ന് വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളവർ, അസുഖ ബാധിതർ, അദർ പ്രയോറിറ്റി എന്നീ മൂന്ന് വിഭാഗക്കാരെയാണ് മുൻഗണനയ്ക്കായി പരിഗണിച്ചത്. ഇതിൽ അദർ പ്രയോറിറ്റിയിലൂടെയാണ് ഇഷ്ടക്കാർ കടന്നുകൂടിയത്. സംഘടനകളുടെ സംവരണവും വേണ്ടവരുടെ സംവരണവും അദർ പ്രയോറിറ്റിയിൽ ഉൾപ്പെട്ടുവെന്നാണ് ആരോപണം.