എം.ആർ. ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് രാജ്യം

Thursday 22 May 2025 12:32 AM IST

ന്യൂഡൽഹി: വിഖ്യാത ഇന്ത്യൻ ആണവോർജ്ജ ശാസ്ത്രജ്ഞനും മെക്കാനിക്കൽ എൻജിനിയറുമായ എം.ആർ.ശ്രീനിവാസന് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. ആണവോർജ്ജ കമ്മിഷൻ മുൻ ചെയർമാനും ആണവോർജ്ജ വകുപ്പ് സെക്രട്ടറിയുമായിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11ന് ഊട്ടി വെല്ലിംഗ്ടൺ ശ്മശാനത്തിൽ നടക്കും.

ആണവോർജത്തിലൂടെ രാജ്യത്തിന്റെ വികസനഗതി മാറ്റാമെന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത ശാസ്ത്രജ്ഞനാണ് ശ്രീനിവാസൻ. ഇന്ത്യൻ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുത്ത ഹോമി ബാബയുടെ സമകാലീനനാണ്. ബംഗളൂരുവാണ് സ്വദേശം. പൂ‌ർണനാമം മാലൂർ രാമസ്വാമി ശ്രീനിവാസ്. 1990ൽ രാജ്യം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ആദ്യത്തെ ആണവ റിയാക്ടറായ അപ്‌സര മുതൽ രാജ്യത്തെ ആണവോർജ്ജ പദ്ധതികളിൽ ശ്രീനിവാസന്റെ കൈയൊപ്പുണ്ട്. ആണവോർജ്ജ വകുപ്പിൽ പ്രോജക്ട്സ് എൻജിനിയറിംഗ് ഡിവിഷൻ ഡയറക്ടർ,ന്യൂക്ലിയർ പവർ ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചു. ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ ആദ്യ ചെയർമാനുമാണ്.

തിരുവിതാംകൂർ ദിവാൻ ആയിരുന്ന സി.പി. രാമസ്വാമി അയ്യരുടെ പൗത്രിയും സാമൂഹിക പ്രവർത്തകയുമായ ഗീതാ ശ്രീനിവാസനാണ് ഭാര്യ. മക്കൾ: പദ്മശ്രീ പ്രൊഫ.ശാരദ ശ്രീനിവാസൻ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ബംഗളൂരു), രഘുവീർ ശ്രീനിവാസൻ(ഇൻഡസ്ട്രിയൽ കെമിസ്റ്ര്,​ഫിൻലാൻഡ്)​. മരുമക്കൾ: സാത്തു, ദിഗ് വിജയ്.