നാഷണൽ ഹെറാൾഡ് കേസിൽ ഇ.ഡി വാദം: സോണിയയും രാഹുലും പാർട്ടി പണം സ്വകാര്യ കമ്പനിയിലേക്ക് മാറ്റി
ന്യൂഡൽഹി: പാർട്ടിക്കുള്ള സംഭാവനയായും അംഗത്വ ഫീസായും ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത 90.25 കോടി രൂപ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും
തങ്ങൾക്ക് ഓഹരിയുള്ള യംഗ് ഇന്ത്യൻ കമ്പനിയിലേക്ക് വായ്പയായി വഴിതിരിച്ചുവിട്ടെന്ന് നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ‌്മെന്റ് ഡയറക്‌ടറേറ്റ് ആരോപണം.
2023 നവംബറിൽ യംഗ് ഇന്ത്യന്റെ 661 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതുവരെ അതിൽ നിന്നുള്ള വരുമാനം പ്രതികൾ കൈവശം വയ്ക്കുകയും വിനിയോഗിക്കുകയും ചെയ്‌തു. ഇതിൽ 142 കോടി രൂപയുടെ വാടക വരുമാനം ഉൾപ്പെടുന്നു. അതു കള്ളപ്പണ ഇടപാടാണെന്ന് റോസ് അവന്യുകോടതി പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ മുമ്പാകെ ഇ.ഡി ബോധിപ്പിച്ചു.
പൊതുജനങ്ങളുടെ പണം വ്യക്തിഗത ഉപയോഗത്തിനായി മാറ്റാനും നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) 2,000 കോടി രൂപയുടെ ആസ്‌തികളുടെ നിയന്ത്രണം നേടാനുമുള്ള ഉപാധിയായാണ് യംഗ് ഇന്ത്യനെ ഉപയോഗിച്ചതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
കേസ് രേഖകൾക്ക് 5,000 പേജുകളുള്ളതിനാൽ മറുപടി നൽകാൻ സമയം വേണമെന്ന് പ്രതിഭാഗത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ആവശ്യപ്പെട്ടു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദ, രാജീവ് ഗാന്ധി ഫൗണ്ടേഷൻ ട്രസ്റ്റി സുമൻ ദുബെ തുടങ്ങിയവർ കൂട്ടുപ്രതികളാണ്. ഇന്നലെ പിത്രോദയുടെ അഭിഭാഷകൻ ഹാജരായിരുന്നില്ല. ജൂലായ് രണ്ടു മുതൽ എട്ടുവരെ കേസിൽ ദിവസേന വാദം കേൾക്കും.