ഡെങ്കിപ്പനി ഭീതി റബർ തോട്ടങ്ങളിലും ജാഗ്രത വേണം

Thursday 22 May 2025 3:03 AM IST

കിളിമാനൂർ: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധത്തിന്റെ ഭാഗമായി റബർ തോട്ടങ്ങളിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഡെങ്കിപ്പനിക്ക് പ്രധാനകാരണം കൊതുകായതിനാൽ ആശാപ്രവർത്തകർ മുഖേന തോട്ടമുടമകൾക്കായി ആദ്യഘട്ടത്തിൽ ബോധവത്കരണം നടത്താനും പ്ലാനുണ്ട്. അനാസ്ഥ തുടർന്നാൽ പകർച്ചവ്യാധി നിരോധന നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കും.റബർ പാൽ ശേഖരിച്ച ശേഷം ചിരട്ടകൾ കമഴ്ത്തി വയ്ക്കാത്തത് പ്രധാന പ്രതിസന്ധിയാണ്. മഴ ചെയ്യുമ്പോൾ ചിരട്ടയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതിന് ഇത് കാരണമാകുന്നു. ഇത്തരം ഉറവിട നശീകരണം കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുന്നു. എസ്റ്റേറ്റുകളിലും വലിയ തോട്ടങ്ങളിലും ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപന അധികൃതരും പരിശോധ നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ചെറിയ തോട്ടങ്ങളിൽ ഇത് കാര്യക്ഷമമല്ല.

ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെട്ട ചെറിയ ഇനം കൊതുകുകളാണ് രോഗവാഹകർ

വീടിനകത്തും പുറത്തും

വേണം ജാഗ്രത

വീടിനകത്തെ ചെടിച്ചട്ടികളുടെ അടിയിലെ ട്രേ,അലങ്കാരച്ചെടികൾ വളർത്തുന്ന പാത്രം, ഫ്രിഡ്ജിന്റെ പിന്നിലെ ട്രേ, ഉപയോഗിക്കാത്ത ക്ളോസറ്റ്, വീടിന് പുറത്തെ ഉപയോഗശൂന്യമായ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയർ, ചിരട്ടകൾ, പ്ളാസ്റ്റിക് കവറുകൾ, കട്ടികൂടിയ ഇലകൾ, ടാർപ്പോളിൻ, പ്ളാസ്റ്റിക് ഷീറ്റുകൾ, മുട്ടത്തോട്, സൺഷെയ്ഡ്, റൂഫിന്റെ പാത്തി ടെറസ്, വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ തുടങ്ങിയവയിലെല്ലാം വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.