കായൽ മടുത്തവർക്ക് ഇനി മലകയറാം

Wednesday 21 May 2025 11:22 PM IST

ആലപ്പുഴ: സെപ്റ്റംബറിൽ ആരംഭിക്കുന്ന പുതിയ ടൂറിസം സീസണിൽ ആലപ്പുഴക്കാർക്കായി മലയോര ടൂറിസം പാക്കേജുകൾ തയാറാക്കുകയാണ് ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ. വെള്ളവുമായി ചുറ്റപ്പെട്ട് മാത്രം വിനോദ സഞ്ചാരം ഒതുങ്ങിപ്പോകുന്നതിനാൽ ആലപ്പുഴക്കാർക്ക് ഹിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച യാത്രകൾ പ്രിയങ്കരമാകുമെന്ന കണക്കുകൂട്ടലിലാണ് പദ്ധതി തയാറാക്കുന്നത്. വയനാട്, പാലക്കാട്, കൊല്ലം ജില്ലയുടെ തെക്കൻ പ്രദേശങ്ങൾ, ഇടുക്കി, മൂന്നാർ എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളത്. രണ്ടാം ശനിയാഴ്ച്ചകളിലും അവധി ദിവസങ്ങളിലും ട്രിപ്പ് നടത്താനാണ് ആലോചന. ഇത് കൂടാതെ ആലപ്പുഴയിലേക്കെത്തുന്ന സഞ്ചാരികൾക്കായി പൈതൃകം, കൃഷി, തീർത്ഥാടനം എന്നിവയെ കൂട്ടിയിണക്കിയുള്ള പദ്ധതികളും ആലോചനയിലുണ്ട്. വിദേശികളെയടക്കം ജില്ലയിലെ ഗ്രാമീണജീവിതം പരിചയപ്പെടുത്തും. ഉത്തരവാദ ടൂറിസം മിഷനുമായി ചേർന്നാവും പദ്ധതി തയാറാക്കുക. തണ്ണീർമുക്കം, നീലംപേരൂർ പഞ്ചായത്തുകളാണ് പ്രഥമ പരിഗണനയിലുള്ളത്. തികച്ചു ഗ്രാമീണമായ അന്തരീക്ഷത്തിൽ താമനസിക്കാനും, തദ്ദേശീയ പ്രവർത്തനങ്ങൾ കാണാനും, പങ്കുചേരാനും അവസസരമുണ്ടാകും. സഞ്ചാരികളെ കൂടുതൽ സമയം ആലപ്പുഴയിൽ കഴിയാൻ പ്രേരിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

മലയോരം

വയനാട്, പാലക്കാട്, കൊല്ലം, ഇടുക്കി, മൂന്നാർ

ഗ്രാമീണം

തണ്ണീർമുക്കം, നീലംപേരൂർ

ആലപ്പുഴയിലെത്തുന്ന സഞ്ചാരികളിൽ ഭൂരിപക്ഷവും കായലും കടലും കണ്ട് ഒരു ദിവസത്തിനുമേൽ ചെലവഴിക്കുന്നില്ല. ഇവിടെ കൂടുതൽ ദിവസങ്ങൾ ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഗ്രാമീണ ടൂറിസം പദ്ധതി. കൂടാതെ വെള്ളം മാത്രം കാണുന്ന ആലപ്പുഴക്കാരെ ഹിൽസ്റ്റേഷനുകളിൽ എത്തിക്കുവാനാണ് മലയോര ടൂറിസം പദ്ധതി ഒരുങ്ങുന്നത്

- കെ.ജി.അജേഷ്, സെക്രട്ടറി, ഡി.ടി.പി.സി