കേന്ദ്രസിലബസിൽ നിന്ന് പ്ലസ്‌ വണ്ണിലേക്ക് ഒഴുക്കില്ല !

Wednesday 21 May 2025 11:46 PM IST

ആലപ്പുഴ: പ്ലസ് വണ്ണിന് കേന്ദ്ര സിലബസിൽ നിന്ന് കേരള സിലബസിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നു. ജില്ലയിൽ പതിനായിരത്തോളം പേരുടെ കുറവാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പ്ലസ് വൺ അപേക്ഷയിൽ ആകെ ഉണ്ടായിരിക്കുന്നത്. കേന്ദ്ര സിലബസിൽ തന്നെ ഹയർ സെക്കൻഡറി പഠനം തുടരുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്.

ഹയർ സെക്കൻഡറിക്ക് കേരള സിലബസിൽ കൂടുതൽ മാർക്ക് സ്കോർ ചെയ്യാനാവുമെന്നതും ഇത് പ്രഫഷണൽ കോഴ്‌സ് പ്രവേശനത്തിനടക്കം സഹായമാകുന്നതും ഗ്രേസ് മാർക്കുമൊക്കെയായിരുന്നു കേന്ദ്ര സിലബസിൽ നിന്ന് കേരളയിലേക്കുള്ള ഒഴുക്കിന് കാരണമായിരുന്നത്.

എന്നാൽ 2019ന് ശേഷം പ്രഫഷണൽ കോഴ്‌സ് പ്രവേശനത്തിന് വിവിധ സിലബസുകളിലെ പ്ലസ് ടു മാർക്ക് ഏകീകരിച്ചതും ഗ്രേസ് മാർക്കിന് നിയന്ത്രണം വന്നതുമടക്കമുള്ള പരിഷ്‌കാരങ്ങളാണ് ഇതിൽ കുറവ് വരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വിദ്യാലയങ്ങളിൽ കുട്ടികൾ പൊതുവെ കുറയാൻ ജനസംഖ്യയിൽ സംഭവിക്കുന്ന കുറവും പുറത്തേക്കുള്ള കുടിയേറ്റവുമെല്ലാം കാരണമാണ്.

ജില്ലയിൽ എണ്ണം കുറഞ്ഞു

കഴിഞ്ഞ വർഷം ജില്ലയിൽ 25818 വിദ്യാർത്ഥികളാണ് ഹയർസെക്കൻഡറിയിൽ അപേക്ഷ നൽകിയത്. 21,549 കുട്ടികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഈ വർഷം 21260 കുട്ടികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്.

ആകെ അപേക്ഷ നൽകിയത് 24463 കുട്ടികളാണ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് മേഖലകളിൽ നിന്നുള്ളവർ അടക്കമാണിത്. ജില്ലയിൽ 24320 പ്ലസ്‌വൺ സീറ്റുകളാണുള്ളത്.

2020ൽ സംസ്ഥാനത്ത് സി.ബി.എസ്.ഇയിൽ നിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയ 37908 വിദ്യാർത്ഥികളാണ് കേരള സിലബസിൽ ചേർന്നത്. ഐ.സി.എസ്.ഇ വിദ്യാർത്ഥികളുടെ എണ്ണത്തിലും മാറ്റം വന്നിട്ടുണ്ട്

2020ൽ 7,936 ഐ.സി.എസ്.ഇ വിദ്യാർത്ഥികളിൽ നിന്ന് 3,726 പേർ കേരള സിലബസിൽ ചേർന്നു. 2024ൽ 7,517 ഐ.സി.എസ്.ഇ പാസായവരിൽ നിന്ന് 2,385 വിദ്യാർത്ഥികൾ മാത്രമാണ് കേരള സിലബസ് തിരഞ്ഞെടുത്തത്.

ജില്ലയിൽ ഈ വർഷത്തെ അപേക്ഷ

 അപേക്ഷകർ- 24463

 എസ്.എസ്.എൽ.സി- 22255

 സി.ബി.എസ്.ഇ- 1529

 ഐ.സി.എസ്.ഇ- 344

 മറ്റുള്ളവ- 335