മൃതദേഹങ്ങൾ മുതലകൾക്ക്, സീരിയൽ കില്ലർ അറസ്റ്റിൽ, പിടിയിലായത് പരോളിൽ മുങ്ങി 2 കൊല്ലത്തിനു ശേഷം, ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ

Thursday 22 May 2025 12:54 AM IST

ന്യൂഡൽഹി: ടാക്സി ഡ്രൈവർമാരടക്കം അൻപതിലധികംപേരെ കൊന്ന് മുതലകൾക്ക് തിന്നാൻ വലിച്ചെറിഞ്ഞു കൊടുത്തു. പൊലീസ് പിടികൂടി ജയിലിലടച്ചു. പരോൾ ലഭിച്ചപ്പോൾ മുങ്ങി. പിന്നീട് സന്യാസി വേഷത്തിൽ ഒളിവാസം. രണ്ടുവർഷത്തെ അന്വേഷണത്തിനൊടുവിൽ

സീരിയൽ കില്ലർ രാജസ്ഥാൻ പൊലീസിന്റെ പിടിയിൽ. 'ഡോ.ഡെത്ത്' എന്നപേരിൽ

അറിയപ്പെടുന്ന യു.പി അലിഗഡ് സ്വദേശിയും ആയുർവേദ ഡോക്ടറുമായ ദേവേന്ദർ കുമാർ ശർമ്മയാണ് (67)​ അറസ്റ്റിലായത്. രാജസ്ഥാനിലെ ദൗസയിലായിരുന്നു ഒളിവിൽ കഴിഞ്ഞത്.

തീഹാർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവേ, 2023 ഓഗസ്റ്റിൽ പരോൾ ലഭിച്ചപ്പോൾ മുങ്ങുകയായിരുന്നു. 2002-2004 കാലത്താണ് ടാക്സി ഡ്രൈവർമാരെയടക്കം കൊലപ്പെടുത്തി മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലുള്ള മുതലകൾ നിറഞ്ഞ ഹസാര കനാലിൽ തള്ളിയത്. ഓട്ടം വിളിച്ചു കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തുമ്പോൾ കൊലപ്പെടുത്തുന്നതായിരുന്നു രീതി. ഇവരുടെ ടാക്സികൾ തട്ടിയെടുത്ത് മറിച്ചു വിൽക്കാനായിരുന്നു കൊലപാതകങ്ങൾ.

1998നും 2004നും ഇടയിൽ 125ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക വില്പനയും നടത്തിയിരുന്നു. ഇത്തരത്തിലും നിരവധിപേരെ കൊന്നും മുതലകൾക്ക് എറിഞ്ഞുകൊടുത്തിരുന്നു. വ്യാജ ഗ്യാസ് ഏജൻസി നടത്തിയും തട്ടിപ്പ് നടത്തി.

കേസുകൾ നിരവധി

കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങി നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളിലും ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു. പൊലീസ് ചോദ്യം ചെയ്യലിൽ അൻപതിലധികം പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തിയിരുന്നു. 2004ലാണ് ആദ്യം അറസ്റ്റിലാകുന്നത്. ഒരു കേസിൽ ഗുഡ്ഗാവ് കോടതി വധശിക്ഷ വിധിച്ചെങ്കിലും ഇയാളുടെ അപ്പീലിൽ ജീവപര്യന്തമാക്കി. പരോളിലിറങ്ങി മുങ്ങുന്നത് ആദ്യമായല്ല. 2020ൽ പരോൾ ലഭിച്ച് മുങ്ങി ഏഴുമാസത്തിനു ശേഷമാണ് പിടിയിലായത്.