ആലിപ്പഴ വർഷത്തിൽ വിമാനത്തിന് തകരാർ, യാത്രക്കാർ സുരക്ഷിതർ

Thursday 22 May 2025 12:58 AM IST

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പോയ വിമാനം ആകാശച്ചുഴിയിലും ആലിപ്പഴവർഷത്തിലും പെട്ട് മലയാളി അടക്കം യാത്രക്കാർക്ക് പരിക്ക്. വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുണ്ടായെങ്കിലും ശ്രീനഗറിൽ സുരക്ഷിതമായി ഇറങ്ങി.ഇന്നലെ വൈകുന്നേരം അഞ്ചിന് ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിനാണ് പ്രശ്‌നം നേരിട്ടത്. യാത്ര തുടങ്ങി ഏകദേശം 45 മിനിറ്റ് കഴിഞ്ഞപ്പോൾ മോശം കാലാവസ്ഥയാണെന്ന് പൈലറ്റുമാർ ശ്രീനഗർ എയർട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നു.

വിമാനം ആടിയുലഞ്ഞതിനെ തുടർന്നാണ് യാത്രക്കാർക്ക് പരിക്കേറ്റത്. 6.46 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. 220 യാത്രക്കാരും ക്രൂവും സുരക്ഷിതരാണ്. വിമാനത്തിനുള്ളിൽ യാത്രക്കാർ പരിഭ്രാന്തരായി അലറി വിളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ഡൽഹിയിൽ കാറ്റിൽ വൻ നാശം

അപ്രതീക്ഷിതമായുണ്ടായ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വീശിയ ശക്തമായ കാറ്റിൽ വൻ നാശം. ഒപ്പം ആലിപ്പഴ വർഷവും കനത്ത മഴയും ഉണ്ടായി. മണിക്കൂറിൽ 40 നോട്ട് (ഏകദേശം 72 കിലോമീറ്റർ) വേഗതയുള്ള കാറ്റാണ് വീശിയത്. തുടർന്ന് മരങ്ങൾ കടപുഴകി വീണ് പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഡൽഹി മെട്രോ ട്രെയിൻ ലൈനുകളും തകരാറിലായി.

ഗോൾ മാർക്കറ്റ്, ലോഡി റോഡ് തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ ആലിപ്പഴ വർഷം ഉണ്ടായി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹിയിലേക്കുള്ള നിരവധി ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തു.