മംഗലപുരത്ത് യുവാവ് വൃദ്ധനെ വീട്ടിൽക്കയറി കുത്തി
കഴക്കൂട്ടം: അയൽവാസിയുടെ കുത്തേറ്റ് വൃദ്ധന് ഗുരുതര പരിക്ക്. മംഗലപുരം തോന്നയ്ക്കൽ പാട്ടത്തിൽ സ്വദേശി താഹ(65)ക്കാണ് പരിക്കേറ്റത്. വയറ്റിൽ ഒന്നിലധികം തവണ കുത്തേറ്റ താഹയുടെ കുടൽമാല പുറത്തുവന്ന നിലയിലായിരുന്നു. സംഭവത്തിൽ സമീപവാസിയായി റാഷിദ് (31)നെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ പ്രതി താഹയുടെ വീട്ടിൽ കയറി ഇയാളെ കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ താഹ രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടിയെങ്കിലും പ്രതി പിന്നാലെയെത്തി വീണ്ടും കുത്തി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വയറ്റിൽ നാലിടത്ത് ഗുരുതരമായി പരിക്കേറ്റ താഹയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. റാഷിദ് മുമ്പും ഇയാളെ മർദ്ദിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. ഈ മാസം 28ന് താഹയും ഭാര്യയും ഹജ്ജ് യാത്രയ്ക്ക് പുറപ്പെടാനിരിക്കുകയായിരുന്നു. സംഭവത്തിന്റെ കാരണം പൊലീസ് അന്വേഷിച്ചുവരുന്നതേയുള്ളൂ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.