താരങ്ങളായി സ്പൈഡർമാൻ, ഡോറ... സ്കൂൾ വിപണി വെെറൽ

Thursday 22 May 2025 12:24 AM IST

തൃശൂർ: സ്‌പൈഡർമാനും ഡോറയുമെല്ലാം ചിത്രങ്ങളായി നിറഞ്ഞ ബാഗുകളും കുടകളും ടിഫിൻ ബോക്‌സുകളും സ്‌കൂൾ വിപണിയി വൈറൽ. ബാഗുകളിൽ മാത്രമല്ല, കുടകളിലും ടിഫിൻ ബോക്‌സുകളിലും ഏറെയും സ്‌പൈഡർമാനിന്റെ ചിത്രങ്ങളാണ്. കുട്ടികൾ ഭൂരിഭാഗവും ഇഷ്ട കഥാപാത്രങ്ങളുടെ ബാഗുകളും മറ്റുമാണ് തേടിയെത്തുന്നത്. ഉദ്ദേശിച്ച കഥാപാത്രങ്ങളെ സ്വന്തമാക്കാനാവാതെ നിരാശയോടെ മടങ്ങുന്നവരുമുണ്ട്. പെൺകുട്ടികൾ കൂടുതലും അന്വേഷിച്ചെത്തുന്നത് യൂണികോൺ കഥാപാത്രത്തെയാണെങ്കിൽ ആൺകുട്ടികൾക്ക് പ്രിയം സ്‌പൈഡർമാനാണ്.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ, വിപണിയിൽ വലിയ തിരക്കില്ല. സ്‌കൂളുകളിൽ നിന്ന് തന്നെ പഠനോപകരണങ്ങൾ നൽകുന്നതിനാൽ കച്ചവടം താരതമ്യേന കുറവാണെന്ന് പറയുന്നു. മുൻ വർഷങ്ങളേക്കാൾ വില കൂടിയിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

സ്റ്റീൽ കുപ്പിയും ഇലുമിന കുടയും

വെള്ളം കൊണ്ടുപോകുനുളള പ്ലാസ്റ്റിക് കുപ്പികൾ വിപണിയിൽ കുറവാണ്. ഏറെയും സ്റ്റീൽ കുപ്പികളും ടിഫിൻ ബോക്‌സുകളുമാണ്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം ഫലം കണ്ടുവെന്നതിന്റെ സൂചനയാണിതെന്ന് അദ്ധ്യാപകർ പറയുന്നു. കുടകളിൽ ഇലുമിനയാണ് വിപണിയിൽ താരം. സുതാര്യമായ ശീലയുള്ള കുടയുടെ അകത്തുള്ള കമ്പികളിൽ മാറ്റിയിടാൻ കഴിയുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ലൈറ്റുകളുണ്ട്. ലൈറ്റുകൾ പല നിറത്തിലും രൂപത്തിലുമുളളതാണ്. കാർട്ടൂൺ ചിത്രങ്ങൾ പ്രിന്റ് ചെയ്ത കുടകളും വിപണിയിലുണ്ട്.

ഇലുമിന കുടകൾക്ക് വില: 850 രൂപ

പ്രൈമറി വിദ്യാർത്ഥികളുടെ

ചെറിയ ബാഗുകൾക്ക് കുറഞ്ഞ വില: 200 രൂപ

ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ കുറഞ്ഞ വില: 400

എന്ന് കുറയും ബാഗിന്റെ ഭാരം?

സ്‌കൂൾ ബാഗുകളുടെ ഭാരം ഈ വർഷവും കുറഞ്ഞില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. എല്ലാ വർഷവും കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കുമെന്ന് പറയാറുണ്ടെങ്കിലും ഫലം കണ്ടില്ല. പല നിർദ്ദേശങ്ങളും ഉയർന്നെങ്കിലും നടപ്പായില്ലെന്നുമാണ് രക്ഷിതാക്കളുടെ ആക്ഷേപം.