അങ്കണവാടി നിർമ്മാണത്തിന് എടുത്ത കുഴി കുളമായി
പൊയ്യ: പൊയ്യ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കഴിഞ്ഞിതറയിൽ അങ്കണവാടി നിർമ്മാണത്തിനായെടുത്ത കുഴി കുളമായി കിടന്നിട്ട് രണ്ടര മാസം. നിലവിലുണ്ടായിരുന്ന അങ്കണവാടിയെ സ്മാർട്ട് അങ്കണവാടിയാക്കാനായാണ് പുതിയ നിർമ്മാണം ആരംഭിച്ചത്. ഇവിടെയുണ്ടായിരുന്ന കോമ്പൗണ്ട് വാളും തകർന്നു. ഏകദേശം ഒന്നര സെന്റ് വിസ്തൃതിയുള്ള സ്ഥലത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് 22 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് അംഗൻവാടി നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയത്. നിർമ്മാണം ഇപ്പോൾ സ്തംഭനാവസ്ഥയിലാണ്. നിർമ്മാണ സ്ഥലത്തിന്റെ ഒരു വശം റോഡിനോട് ചേർന്നാണ് കിടക്കുന്നത്. സമീപത്തായി നിരവധി കുട്ടികളുള്ള വീടുമുണ്ട്. കുഴി കുളമായി മാറിയതോടെ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. സമീപവാസികളുടെ ഭീതി പരിഹരിക്കുന്ന നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും അങ്കണവാടി നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.